Geetha Gopinath: ഐഎംഎഫിന്റെ തലപ്പത്തെ മലയാളി സാന്നിധ്യമായ ഗീതാ ഗോപിനാഥ് പഴയ ജോലിയിലേക്ക്…
IMF First Deputy Managing Director Gita Gopinath: കണ്ണൂർ സ്വദേശിനിയായ ഗീത, ഒന്നാം പിണറായി സർക്കാരിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ 2018 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി അവർ സൗജന്യ സേവനം അനുഷ്ടിച്ചിരുന്നു.

Geetha Gopinath
വാഷിങ്ടൺ: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്.) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ മലയാളി ഗീത ഗോപിനാഥ് ഐ.എം.എഫ്. വിടുന്നു. ഐ.എം.എഫിലെ രണ്ടാമത്തെ ഉയർന്ന പദവിയിൽ നിന്ന് ഓഗസ്റ്റിൽ പടിയിറങ്ങുന്ന ഗീത, ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് അധ്യാപികയായി തിരികെ പ്രവേശിക്കും.
എക്സ് പ്ലാറ്റ്ഫോമിലൂടെ ഗീത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വംശജയും അമേരിക്കൻ പൗരത്വവുമുള്ള ഗീത, 2019-ലാണ് ഐ.എം.എഫിൽ ചേരുന്നത്. ചീഫ് ഇക്കണോമിസ്റ്റായാണ് അവർ ഐ.എം.എഫിൽ പ്രവർത്തനം ആരംഭിച്ചത്. 2022-ൽ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തുന്ന ആദ്യ വനിത എന്ന നേട്ടവും ഗീത ഗോപിനാഥിന് സ്വന്തമാണ്.
Harvard announcement: “Gita Gopinath returns to economics faculty after historic IMF leadership” https://t.co/18qG1hySew pic.twitter.com/IQuDhsp4HQ
— Gita Gopinath (@GitaGopinath) July 21, 2025
കണ്ണൂർ സ്വദേശിനിയായ ഗീത, ഒന്നാം പിണറായി സർക്കാരിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതൽ 2018 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി അവർ സൗജന്യ സേവനം അനുഷ്ടിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് ഗീത ഗോപിനാഥിന്റെ സംഭാവനകൾ വളരെ വലുതായിരുന്നുവെന്ന് ഐ.എം.എഫ്. വാർത്താക്കുറിപ്പിൽ എടുത്തുപറഞ്ഞു. യുക്രൈൻ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഐ.എം.എഫിന്റെ പ്രവർത്തനങ്ങളിലും ഗീതയുടെ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു.