Airspace Ban On Pakistan: പാകിസ്ഥാൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമഗതാഗത വിലക്ക് ഇന്ത്യ നീട്ടി
India Extends Airspace Ban On Pakistan: പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാത്രാ വിമാനങ്ങൾ, ചരക്ക് വിമാനങ്ങൾ, സൈനിക വിമാനങ്ങൾ തുടങ്ങി എല്ലാ വിമാനങ്ങൾക്കും നിരോധനം ബാധകമാണ്. എന്നാൽ ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിലവിൽ വിലക്കില്ല.

Image for representation
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് വീണ്ടും ഇന്ത്യ നീട്ടി. ഒക്ടോബർ 24 വരെയാണ് പാകിസ്ഥാൻ്റെ എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 24 രാവിലെ 5.29 വരെയാണ് വിലക്ക് തുടരുക. ഇന്ത്യൻ വിമാനങ്ങൾക്കെതിരായ വിലക്ക് പാക്കിസ്ഥാനും ഒക്ടോബർ വരെ നീട്ടിയിരുന്നു.
പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാത്രാ വിമാനങ്ങൾ, ചരക്ക് വിമാനങ്ങൾ, സൈനിക വിമാനങ്ങൾ തുടങ്ങി എല്ലാ വിമാനങ്ങൾക്കും നിരോധനം ബാധകമാണ്. എന്നാൽ ഇരുരാജ്യങ്ങളുടെയും വ്യോമ മേഖല മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിലവിൽ വിലക്കില്ല. പാക് വ്യോമ മേഖല അടച്ചതിനാൽ ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ദൂരം കൂടിയ മറ്റ് റൂട്ടുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
Also Read: ഇനി ഒരു വിമാനാപകടം ഉണ്ടാകില്ല, എഐ കണ്ടെത്തും സാങ്കേതിക തകരാറുകൾ
അതേസമയം, ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് വെറും രണ്ട് മാസത്തിനുള്ളിൽ പാകിസ്ഥാന് 4.10 ബില്യൺ (ഏകദേശം 127 കോടി രൂപ) നഷ്ടമുണ്ടായതായി കഴിഞ്ഞ മാസം രാജ്യത്തെ ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം, ഏപ്രിൽ 23നാണ് പാക് ഭാഗത്ത് നിന്ന് ആദ്യമായി വ്യോമപാത അടച്ചത്.
തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു ഈ വിലക്കുണ്ടായിരുന്നത്. ഇതിനു മറുപടിയായി ഇന്ത്യയും ഏപ്രിൽ 30ന് പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വ്യോമപാത അടയ്ക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുകയും അതിന് പിന്നാലെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമപാത അടയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.