India Condemns US Attack on Settebello Ship: ഒമാൻ തീരത്ത് യുഎസ് ആക്രമണം: മൂന്ന് ഇന്ത്യൻ നാവികരെ കാണാതായി; പ്രതിഷേധം അറിയിച്ച് ഇന്ത്യ
India Summons US Envoy Over Missile Strike on Settebello: ഒമാൻ തീരത്ത് 24 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെ ബുധനാഴ്ച നടന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഒമാൻ തീരത്ത് 'സെറ്റെബെല്ലോ' എന്ന വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഒമാൻ തീരത്ത് 24 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെ ബുധനാഴ്ച നടന്ന ആക്രമണത്തെ ഇന്ത്യ അപലപിച്ചു. യുഎസ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഒമാൻ തീരത്ത് ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ ഇതുവരെ രക്ഷപ്പെടുത്തി. മൂന്നു പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ. മേഖലയിലെ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
മേഖലയിൽ സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരുന്നതിനും, സംഘർഷങ്ങൾ ഉടനടി ലഘൂകരിക്കാനും നയതന്ത്ര ചർച്ചകൾ തുടരണം. വാണിജ്യ കപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന:
“ഒമാൻ തീരത്ത് വാണിജ്യ കപ്പലായ സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ ഇതുവരെ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. മൂന്ന് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ടുണ്ട്. ഒമാനിലെ ഞങ്ങളുടെ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഒമാനി അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ വളരെയധികം ആശങ്കാജനകമാണ്. ഇത് അവിടെ നിലനിൽക്കുന്ന സംഘർഷത്തിന്റെ നേരിട്ടുള്ള അനന്തരഫലവുമാണ്. ഉഭയകക്ഷി ചർച്ചകൾ വഴി എത്രയും വേഗം ഒരു നയതന്ത്ര പരിഹാരം കണ്ടെത്തണമെന്നും, അതുവഴി പ്രദേശത്ത് സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരണമെന്നും ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു. വാണിജ്യ കപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതുണ്ട്”.
വിദേശകാര്യമന്ത്രാലയത്തിന്റെ പോസ്റ്റ്:
Our statement on the attack on a commercial vessel off the coast of Oman ⬇️https://t.co/w405oJsHmZ pic.twitter.com/m0U3U81hQn
— Randhir Jaiswal (@MEAIndia) June 10, 2026
കപ്പൽ ആക്രമണത്തിൽ പ്രതിഷേധിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ചാർജ് ഡി അഫയേഴ്സ് (താത്കാലിക നയതന്ത്ര പ്രതിനിധി) ജേസൺ മീക്സിനെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
Also Read: Iran War: ഇറാന്‍ വലിയ വില നല്‍കേണ്ടിവരും; മുന്നറിയിപ്പില്‍ കുറവില്ലാതെ ട്രംപ്
ആക്രമണം നടന്നത് ഇങ്ങനെ:
ഹോർമുസ് കടലിടുക്കിന് സമീപം ‘സെറ്റെബെല്ലോ’ എന്ന എണ്ണ ടാങ്കറിന്റെ എഞ്ചിൻ റൂമിലേക്ക് മിസൈൽ തുളച്ചുകയറിയാണ് ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി. ഒമാനി തുറമുഖമായ സോഹാറിന് ഏകദേശം 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. ആക്രമണമുണ്ടായതിനെ തുടർന്ന് പാലാവു പതാകയേന്തിയ ഈ കപ്പലിൽ നിന്ന് അടിയന്തര സഹായത്തിനായുള്ള സന്ദേശം അയച്ചിരുന്നു. ഈ സമയം കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 24 പേരും ഇന്ത്യൻ പൗരന്മാരായിരുന്നു.
നാവിക ഉപരോധം ലംഘിച്ചതിനെ തുടർന്നാണ് ഒമാൻ ഉൾക്കടലിൽ വെച്ച് എണ്ണ ടാങ്കർ യുഎസ് സൈന്യം പ്രവർത്തനരഹിതമാക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സിലെ പോസ്റ്റിലൂടെ ന്യായീകരിച്ചു. അമേരിക്കൻ സേനയുടെ നിർദ്ദേശങ്ങൾ കപ്പല്‍ ജീവനക്കാര്‍ പാലിച്ചില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് ആരോപിച്ചു.
English Summary
The US military disabled the commercial oil tanker Settebello off the coast of Oman. The vessel carried 24 Indian crew members, leaving three currently reported missing. India strongly condemned the missile strike and issued an official demarche to Washington. New Delhi called for an immediate de-escalation of rising tensions in the region.