Chandrayaan-3: ചന്ദ്രയാൻ-3 ദൗത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ബഹുമതി, ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ്’ ഇന്ത്യയ്ക്ക്
Chandrayaan-3 Wins 2026 Goddard Astronautics Award: ചന്ദ്രന്റെ ഇതുവരെ പര്യവേക്ഷണം നടത്താത്ത ദക്ഷിണ ധ്രുവത്തിൽ ആദ്യമായി പേടകം ഇറക്കിയെന്ന ചരിത്ര നേട്ടവും, ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കും ആഴക്കടൽ/ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ചന്ദ്രയാൻ നൽകിയ സംഭാവനകളും മുൻനിർത്തിയാണ് പുരസ്കാരം. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച ബഹിരാകാശ നേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയും ഇടംപിടിച്ചു.
ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തി ലോകത്തെ അത്ഭുതപ്പെടുത്തിയ ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന് ആഗോള ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ‘ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ് ലഭിച്ചു. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്‌സ് ആൻഡ് അസ്‌ട്രോനോട്ടിക്‌സ് (AIAA) ആണ് ഈ ആഗോള ബഹുമതി പ്രഖ്യാപിച്ചത്.
ചന്ദ്രന്റെ ഇതുവരെ പര്യവേക്ഷണം നടത്താത്ത ദക്ഷിണ ധ്രുവത്തിൽ ആദ്യമായി പേടകം ഇറക്കിയെന്ന ചരിത്ര നേട്ടവും, ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്കും ആഴക്കടൽ/ബഹിരാകാശ പര്യവേക്ഷണങ്ങൾക്കും ചന്ദ്രയാൻ നൽകിയ സംഭാവനകളും മുൻനിർത്തിയാണ് പുരസ്കാരം. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച ബഹിരാകാശ നേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയും ഇടംപിടിച്ചു.
അഭിമാന നിമിഷമെന്ന് മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ
ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി നയിച്ച മുൻ ഐ.എസ്.ആർ.ഒ (ISRO) ചെയർമാൻ എസ്. സോമനാഥ് ഈ നേട്ടത്തിൽ ഇന്ത്യൻ ബഹിരാകാശ സമൂഹത്തെ അഭിനന്ദിച്ചു. ഐഎസ്ആർഒ ടീമിന്റെ നേട്ടങ്ങളിലും, ഭാവി ചാന്ദ്ര ദൗത്യങ്ങൾ, മറ്റ് ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണങ്ങൾ, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ നിർമ്മാണം എന്നിവയിലൂടെ ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലും ഏറെ അഭിമാനമുണ്ട്. ബഹിരാകാശ ഗവേഷണങ്ങളും അതിന്റെ ശേഷിയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ബഹിരാകാശ സമ്പദ്‌വ്യവസ്ഥയും, എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ചരിത്രം കുറിച്ച ചന്ദ്രയാൻ-3
2023 ജൂലൈയിൽ ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ-3, അതേവർഷം ഓഗസ്റ്റ് 23-നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ‘വിക്രം’ ലാൻഡർ സുരക്ഷിതമായി ഇറക്കി ചരിത്രം കുറിച്ചത്. അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം എന്ന സുവർണ്ണ നേട്ടവും ഇന്ത്യ സ്വന്തമാക്കി.
2019-ലെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട്, ലാൻഡിംഗ് അൽഗോരിതം പരിഷ്കരിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്താണ് ശാസ്ത്രജ്ഞർ ചന്ദ്രയാൻ-3 വിജയകരമാക്കിയത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ചന്ദ്രനിലെ താപനില, ഭൂകമ്പ സാധ്യതകൾ, മണ്ണിലെ മൂലകങ്ങൾ എന്നിവയെക്കുറിച്ച് പഠനം നടത്തി സുപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു. ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും ഭാവി മനുഷ്യ ദൗത്യങ്ങൾക്കും ഈ വിവരങ്ങൾ ഏറെ നിർണ്ണായകമാണ്.
ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യം, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (BAS), ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളിലേക്കുള്ള ഭാവി ദൗത്യങ്ങൾ എന്നിവയുമായി ഇന്ത്യ മുന്നോട്ട് കുതിക്കുന്ന വേളയിലാണ് രാജ്യാന്തര തലത്തിൽ ഈ വൻ അംഗീകാരം തേടിയെത്തുന്നത്.
English Summary
India’s Chandrayaan-3 mission has been honored with the prestigious 2026 Goddard Astronautics Award by the American Institute of Aeronautics and Astronautics (AIAA) for its historic soft landing near the lunar south pole. Former ISRO Chairman S. Somanath celebrated the global recognition, highlighting that it solidifies India’s position in deep space exploration as the nation advances toward future lunar missions and its own space station.