India Bullet Train: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ മുംബൈ മുതൽ അഹ്മദാബാദ് വരെ; യാത്രാസമയം രണ്ട് മണിക്കൂർ!
Indias First Bullet Train Service: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് സർവീസ് മുംബൈ മുതൽ അഹ്മദാബാദ് വരെ. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ മുംബൈ മുതൽ അഹ്മദാബാദ് വരെയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സർവീസ് ഉടൻ ആരംഭിക്കുമെന്നും മുംബൈയും അഹ്മദാബാദും തമ്മിലുള്ള യാത്രാസമയം രണ്ട് മണിക്കൂറും ഏഴ് മിനിട്ടുമായി കുറയുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
“മുംബൈയിൽ നിന്ന് അഹ്മദാബാദ് വരെയുള്ള ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഉടൻ ആരംഭിക്കും. വളരെ വേഗത്തിൽ തന്നെ ആ പ്രൊജക്ട് മുന്നോട്ടുപോവുകയാണ്. പ്രൊജക്ട് ആരംഭിക്കുമ്പോൾ മുംബൈ മുതൽ അഹ്മദാബാദ് വരെ രണ്ട് മണിക്കൂറും ഏഴ് മിനിട്ടും കൊണ്ട് യാത്ര ചെയ്യാനാവും.”- അശ്വിനി വൈഷ്ണവ് പറഞ്ഞു.
മുംബൈ മുതൽ അഹ്മദാബാദ് വരെയുള്ള ബുള്ളറ്റ് ട്രെയിൻ സർവീസിൻ്റെ ദൂരം 508 കിലോമീറ്ററാണ്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ വാപി, സൂറത്ത്, ആനന്ദ്, വഡോദര, അഹ്മദാബാദ് വരെയാവും സർവീസ്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാവും ട്രെയിൻ സഞ്ചരിക്കുക.
ഛത്തീസ്ഗഡിൽ മൂന്ന് എക്സ്പ്രസ് ട്രെയിനുകൾ വിർച്വലായി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് അശ്വിനി വൈഷ്ണവ് ബുള്ളൻ്റെ ട്രെയിൻ്റെ കാര്യത്തിൽ നിർണായക അപ്ഡേറ്ററിയിച്ചത്. അയോധ്യ എക്സ്പ്രസ്, റേവ – പൂനെ എക്സ്പ്രസ്, ജബൽപൂർ – റായ്‌പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഗുജറാത്തിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന റെയിൽവേ പ്രൊജക്ടുകളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. പോർബന്ദർ – രാജ്കോട്ട് സർവീസ്, റണവാവ് സ്റ്റേഷനിലെ 135 കോടി രൂപയുടെ അറ്റകുറ്റപ്പണികൾ, പോർബന്ദർ സിറ്റിയിലെ ഫ്ലൈ ഓവറുകൾ തുടങ്ങിയവയൊക്കെ അദ്ദേഹം പരാമർശിച്ചു.