IndiGo Crisis: ഇൻഡിഗോ വിമാന സർവീസുകൾ 95% പുനഃസ്ഥാപിച്ചു; ഇന്നുള്ളത് 1500-ൽ അധികം ഫ്ലൈറ്റുകൾ
IndiGo Crisis Major Update: ഇൻഡിഗോയുടെ ഈ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ആഭ്യന്തര റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതിനെ തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം കർശനമായി ഇടപെട്ടിരുന്നു.
ന്യൂഡൽഹി: പുതിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) മാനദണ്ഡങ്ങൾ മൂലം പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് കാരണം ദിവസങ്ങളോളം താറുമാറായ ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. രാജ്യത്ത് യാത്രാ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെ, ഇൻഡിഗോ തങ്ങളുടെ നെറ്റ് വർക്ക് കണക്റ്റിവിറ്റിയുടെ 95 ശതമാനവും പുനഃസ്ഥാപിച്ചതായി ഔദ്യോഗികമായി അറിയിച്ചു.
പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമാക്കുന്നു
കമ്പനി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇൻഡിഗോയുടെ 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കും ശനിയാഴ്ച വിജയകരമായി സർവീസ് നടത്തി. ഇന്നത്തോടെ 1,500-ൽ അധികം വിമാന സർവീസുകൾ നടത്താൻ കഴിയുമെന്നാണ് വിമാനക്കമ്പനി പ്രതീക്ഷിക്കുന്നത്. വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതും കാരണം ദുരിതത്തിലായ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
Also read – വിമാനയാത്ര ഇനി ചിലവേറുമോ? പരിധി നിശ്ചയിച്ച് കേന്ദ്രം… പുതിയ ടിക്കറ്റ് നിരക്ക് ഇങ്ങനെ
പ്രതിസന്ധിയുടെ പശ്ചാത്തലം
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഏർപ്പെടുത്തിയ പുതിയ FDTL നിയമങ്ങൾ പാലിക്കേണ്ടി വന്നതാണ് ഇൻഡിഗോയ്ക്ക് പെട്ടെന്ന് ജീവനക്കാരുടെ ദൗർലഭ്യം ഉണ്ടാകാനും സർവീസുകൾ വെട്ടിച്ചുരുക്കാനും കാരണം. പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെയും ജോലി സമയം, വിശ്രമം എന്നിവ സംബന്ധിച്ച കർശനമായ ഈ നിയമങ്ങൾ പാലിച്ചപ്പോൾ നിരവധി സർവീസുകൾ റദ്ദാക്കേണ്ടി വന്നു.
ടിക്കറ്റ് നിരക്കിലെ കേന്ദ്ര ഇടപെടൽ
ഇൻഡിഗോയുടെ ഈ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ആഭ്യന്തര റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതിനെ തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം കർശനമായി ഇടപെട്ടിരുന്നു. ആഭ്യന്തര യാത്രക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി, യാത്രാ ദൂരമനുസരിച്ച് വിമാന ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര സർക്കാർ അടുത്തിടെ പരിധി നിശ്ചയിച്ചിരുന്നു. നിരക്കുകൾ സാധാരണ നിലയിലാകുന്നത് വരെ ഈ നിയന്ത്രണം തുടരാനാണ് നിലവിലെ തീരുമാനം.