Indigo Flight Technical Glitch: റൺവേ അവസാനിക്കാറായിട്ടും പറന്നുയരാൻ കഴിയാതെ ഇൻഡിഗോ വിമാനം; ഒഴിവായത് വൻ അപകടം
Indigo Flight Technical Glitch: സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ആകെ 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവിൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ലക്നൗ: റൺവേ അവസാനിക്കാറായിട്ടും പറന്നുയരാൻ കഴിയാതെ ഇൻഡിഗോ വിമാനം. വലിയ അപകടത്തിൽനിന്നാണ് തലനാരിഴയ്ക്ക് ഇൻഡിഗോ വിമാനം രക്ഷപ്പെട്ടത്. പറന്നുയരാൻ പലതവണ ശ്രമിച്ചിട്ടും വിമാനത്തിന് ഉയരാൻ കഴിയാതെ വന്നതോടെയാണ് അപകടം മനസ്സിലായത്. റൺവേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കാതായതോടെ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിർത്തുകയായിരുന്നു. ലക്നൗ വിമാനത്താവളത്തിലാണ് സംഭവം.
സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ആകെ 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവിൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ (സെപ്റ്റംബർ 14) 11 മണിയോടെയാണ് സംഭവം. ലക്നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിനാണ് സാങ്കേതിക തകരാർ കാരണം പറന്നുയരാൻ കഴിയാതെ വന്നത്.
സംഭവത്തിന് പിന്നാലെ സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിച്ച് വരികയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് അയച്ചു. ഈ മാസം ആദ്യം, കൊച്ചി വിമാനത്താവളത്തിൽ സമാന സംഭവം അരങ്ങേറിയിരുന്നു. അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനമാണ് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് തിരിച്ചിറക്കിയത്.
കണ്ണൂരിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. പക്ഷി ഇടിച്ചതിന് പിന്നാലെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
ഇന്ന് (സെപ്റ്റംബർ 14) രാവിലെ 6.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ അബുദാബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷി ഇടിച്ചത്.