Indigo Emergency Landing: മെയ് ഡേ കോൾ വിളിച്ച് പൈലറ്റ്; ഇൻഡിഗോ എയർലൈൻസ് ബെംഗളൂരു വിമാനത്താവളത്തിലിറക്കി
Indigo Flight Makes Emergency Landing At Bengaluru Airport: ഇൻഡിഗോ വിമാനത്താവളം അടിയതിരമായി ബെംഗളൂരു വിമാനത്താവളത്തിലിറക്കി. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇൻഡിഗോയുടെ ഗുവാഹത്തി – ചെന്നൈ വിമാനം അടിയന്തിരമായി ബെംഗളൂരു വിമാനത്താവളത്തിലിറക്കി. പൈലറ്റ് മെയ് ഡേ കോൾ വിളിച്ചാണ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തത്. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വിമാനത്തിൽ ഇന്ധനം വളരെ കുറവായിരുന്നു എന്നാണ് വിവരം. ഇൻഡിഗോയുടെ 6E-6764 (A321) വിമാനം അസമിലെ ഗുവാഹത്തിയിൽ നിന്ന് വൈകിട്ട് 4.40നാണ് പുറപ്പെട്ടത്. രാത്രി 7.45നായിരുന്നു ചെന്നൈയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ, ലാൻഡിംഗിന് അനുമതി ലഭിച്ചില്ല. ലാൻഡിംഗിന് ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ വിമാനത്തിന് തിരികെ പോകേണ്ടിവന്നു. തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിന് ഏകദേശം 35 മൈൽ അകലെ നിന്ന് ക്യാപ്റ്റൻ മെയ് ഡേ കോൾ വിളിക്കുകയായിരുന്നു.
മെയ് ഡേ കോൾ ലഭിച്ചതോടെ എയർ ട്രാഫിക് കണ്ട്രോൾ ഗ്രൗണ്ട് സ്റ്റാഫിനെ വിവരമറിയിച്ചു. മെഡിക്കൽ, ഫയർ സർവീസുകളൊക്കെ സ്ഥലത്തെത്തി. ബെംഗളൂരു വിമാനത്താവളത്തിൽ 8.20ഓടെ വിമാനം ലാൻഡ് ചെയ്തു എന്നും ടൈം ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മധുരയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് പറക്കലിനിടെ സാങ്കേതികത്തകരാർ നേരിട്ടിരുന്നു. തുടർന്ന് ചെന്നൈ വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. ഈ വിമാനത്തിൽ 68 പേരുണ്ടായിരുന്നു.
ഈ മാസം 12നാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. ഉച്ചയ്ക്ക് 1.30ന് അഹ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നു. ജീവനക്കാരടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണപ്പെട്ടു.