Viral News: മണ്ണ് മാന്താൻ മാത്രമല്ല… ഇങ്ങനെയും ഉപയോഗിക്കാം; കറി ലോറിയിൽ നിറക്കാനും ജെസിബി, വീഡിയോ
JCB Used To Stir Dal Makhni: സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പങ്കുവയ്ച്ച ഒരു വീഡിയോയാണ് നെറ്റിസൻസിനെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു കൂറ്റൻ പാത്രത്തിൽ തിളച്ച് കൊണ്ടിരിക്കുന്ന സബ്ജി ജെസിബിയുടെ ഇരുമ്പ് കൈ ഉപയോഗിച്ച് ഇളക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ജെസിബി ഉപയോഗിച്ച് കറി കോരുന്നതിൻ്റെ ദൃശ്യങ്ങൾ
ഏത് മൺകൂനകളും നിമിഷ നേരംകൊണ്ട് നിരപ്പാക്കാൻ കഴിവുള്ള ഒന്നാണ് ജെസിബി. നമ്മുടെ നാട്ടിൽ ഇത്തരത്തിൽ പല ആവശ്യങ്ങൾക്കായും ഇന്ന് ഈ യന്ത്രം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജെസിബി ഉപയോഗിച്ച് കറിയിളക്കാനും കോരി മാറ്റാനും കഴിയുമോ?.. എങ്കിൽ കഴിയുമെന്നാണ് ഇതിനുള്ള ഉത്തരം. അതെ, സബ്ജി (ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഒരു വിഭവം) ഉണ്ടാക്കാൻ ജെസിബി ഉപയോഗിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത്
സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പങ്കുവയ്ച്ച ഒരു വീഡിയോയാണ് നെറ്റിസൻസിനെ അമ്പരപ്പിച്ചിരിക്കുന്നത്. ഒരു കൂറ്റൻ പാത്രത്തിൽ തിളച്ച് കൊണ്ടിരിക്കുന്ന സബ്ജി ജെസിബിയുടെ ഇരുമ്പ് കൈ ഉപയോഗിച്ച് ഇളക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വലിയൊരു പാത്രത്തിൽ ചുവപ്പും തവിട്ട് മഞ്ഞനിറത്തിലും കാണുന്ന കറി തിളച്ചുകൊണ്ടിരിക്കുന്നു. ആ കൂറ്റൻ പാത്രത്തിലേക്ക് ജെസിബിയുടെ കൈ ഇറക്കുകയും സബ്ജി കോരി മറ്റൊരു വാഹനത്തിലേക്ക് നിറയ്ക്കുന്നതുമാണ് വീഡിയോ.
ഇതിന് തൊട്ടടുത്ത് മറ്റൊരു വലിയ പാത്രത്തിലും സബ്ജി തിളയ്ക്കുന്നുണ്ട്. അതിന് സമീപത്തായി ലോറികളിൽ വലിയ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയും അതിലേക്ക് ഇത് കോരി മാറ്റുന്നതായും കാണാം. എന്തായാലും വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. അസാധാരണമായ വീഡിയോ നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്തു.
മണ്ണ് മാന്താൻ മാത്രമല്ല ജെസിബികൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ടെന്നറിഞ്ഞതിലാണ് ചിലരുടെ ഞെട്ടൽ. സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് രണ്ട് അഭിപ്രായങ്ങളാണ് വരുന്നത്. ചിലരാകട്ടെ ഭക്ഷണത്തിൻ്റെ സുരക്ഷയെക്കുറിച്ചും ചൂണ്ടികാട്ടുന്നുണ്ട്. സുരക്ഷാ ഭീഷണി ഉയർത്തുന്ന തരത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നാണ് അഭിപ്രായം. വീഡിയോയ്ക്ക് ഇതിനോടകം പത്ത് ലക്ഷത്തിലധികം ലൈക്കാണ് കിട്ടിയിരിക്കുന്നത്.
mr_neeraj_8457_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. എന്നാൽ സംഭവം എവിടെയാണെന്നോ എന്താണെന്നോ വീഡിയോയിൽ കൃത്യമായ പറയുന്നില്ല. വീഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ഗ്രേവിയോടൊപ്പം ഒയിൽ ഫ്രീയുണ്ടെന്നാണ് ചിലരുടെ കമൻ്റ്. അത് വെറും ഓയിലല്ലെന്നും ഹൈഡ്രോളിക് ഓയിലും ഗ്രീസും ചേർന്നതാണെന്നും മറ്റ് ചിലർ പറയുന്നു.