Justice B R Gavai: ജസ്റ്റിസ് ബി ആർ ഗവായ് അടുത്ത ചീഫ് ജസ്റ്റിസാകും; സത്യപ്രതിജ്ഞ മെയ് 14-ന്
Chief Justice of India Justice B R Gavai: ഈ വരുന്ന മെയ് 14-ന് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന മെയ് 13-ന് വിരമിക്കാനിരിക്കെയാണ് ബി ആർ ഗവായിയുടെ പേര് ശുപാർശ ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: ജസ്റ്റിസ് ബി ആർ ഗവായ് (Justice BR Gavai) അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയാണ് കേന്ദ്രസർക്കാരിനോട് മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ബി ആർ ഗവായിയുടെ പേര് ശുപാർശ ചെയ്തത്. ഈ വരുന്ന മെയ് 14-ന് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ബി ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന മെയ് 13-ന് വിരമിക്കാനിരിക്കെയാണ് ബി ആർ ഗവായിയുടെ പേര് ശുപാർശ ചെയ്തിരിക്കുന്നത്.
1960 നവംബർ 24-ന് അമരവാതിയിലാണ് ബി ആർ ഗവായിയുടെ ജനനം. ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നാണ് അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. 1985 മാർച്ച് 16-നാണ് അദ്ദേഹം ആദ്യമായി അഭിഭാഷകനായി എൻറോൾ ചെയ്തത്. മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന രാജ എസ് ബോൺസാലെയുടെ കീഴിലായിരുന്നു ഗവായ് പ്രാക്ടീസ് ചെയുതുകൊണ്ടിരുന്നത്.
പിന്നീട് 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ അദ്ദേഹം സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990-ന് ശേഷം ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലും അദ്ദേഹം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസലായും ജസ്റ്റിസ് ഗവായ് സേവനമനുഷ്ടിച്ചിട്ടുണ്ട്.
2003 നവംബർ 14-നാണ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അദ്ദേഹം നിയമിതനായത്. 2005-ൽ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായിരുന്നു. തുടർന്ന് 2019 മെയ് 24-നാണ് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള 2019 ലെ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകകണ്ഠമായി ശരിവച്ച അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിൽ അദ്ദേഹം അംഗമായിരുന്നു.
കൂടാതെ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ ഫണ്ടിംഗിനായി ഉപയോഗിച്ചിരുന്ന ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ മറ്റൊരു അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലും ജസ്റ്റിസ് ഗവായ് ഒരു പ്രധാന പങ്ക് വഹിച്ചു. 2016-ൽ കേന്ദ്രസർക്കാർ 1,000, 500 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടി ഭൂരിപക്ഷത്തോടെ ശരിവച്ച ബെഞ്ചിലും ജസ്റ്റിസ് ഗവായ് അംഗമായിരുന്നു.