Karnataka Hijab: കർണാടകയിൽ ഇനി ഹിജാബ് വിലക്കില്ല; വിവാദ ഉത്തരവ് പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ
Karnataka Government Revokes Hijab Order: 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ ഹിജാബ് നിരോധന ഉത്തരവാണ് സർക്കാർ പിൻവലിച്ചിരിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ വസ്ത്രങ്ങൾ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനിമുതൽ അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിരോധനമായിരുന്നു ഹിജാബിൻ്റേത്.

Siddaramaiah
ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പുതിയ ഉത്തരവും പുറത്തിറക്കി. 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ ഹിജാബ് നിരോധന ഉത്തരവാണ് സർക്കാർ പിൻവലിച്ചിരിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ വസ്ത്രങ്ങൾ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനിമുതൽ അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിരോധനമായിരുന്നു ഹിജാബിൻ്റേത്.
ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് ആരംഭിക്കുന്നത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു ബിജെപി സര്‍ക്കാരിൻ്റെ കാലത്തെ ഉത്തരവ്. ഒടുവിൽ കേസ് കോടതിയിലുമെത്തി. അങ്ങനെ 2022 മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഉത്തരവിറക്കി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചത്.
കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ രണ്ടംഗ ബെഞ്ചിൻ്റെ ഭാഗത്ത് നിന്ന് ഭിന്നവിധിയാണ് പുറത്തുവന്നത്. ഇതോടെ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ടിരിക്കെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ പ്രകാരം, സ്ഥാപനങ്ങൾ അവരുടെ അധികാരികൾ നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട യൂണിഫോമുകൾ നടപ്പിലാക്കുന്നത് തുടരണം. എന്നാൽ അതൊടൊപ്പം വിദ്യാർത്ഥികൾക്ക് മതപരമായ ശിരോവസ്ത്രങ്ങളോ ഹിജാബ്, തൊപ്പി, പൂണൂൽ തുടങ്ങിയവ ധരിക്കാനുള്ള അനുവാദമുണ്ട്. ഇവ യൂണിഫോമിന് പൂരകമാവുകയും അച്ചടക്കം, സുരക്ഷ, വിദ്യാർത്ഥികളെ തിരിച്ചറിയാൻ സാധിക്കുക എന്നിവയിൽ മാറ്റം വരാതെ വേണമെന്നും ഉത്തരവിൽ പറയുന്നു.
ALSO READ: സ്ത്രീധനത്തിൽ ഒരു ചെയിൻ കുറവ്; വിവാഹം കഴിഞ്ഞ് 4ാം നാൾ വധുവിനെ ചുട്ടുകൊന്നു
യൂണിഫോമിനൊപ്പം അനുവദനീയമായ ഇത്തരം വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരിൽ മാത്രം ഒരു വിദ്യാർത്ഥിക്കും ക്ലാസ് മുറികളിലോ പരീക്ഷകളിലോ മറ്റ് അക്കാദമിക് പ്രവർത്തനങ്ങളിലോ പ്രവേശനം നിഷേധിക്കരുതെന്നും ഉത്തരവിൽ സർക്കാർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദേശീയ-സംസ്ഥാന തലങ്ങളിലെ മത്സര പരീക്ഷകൾക്ക് നിലവിലുള്ള വസ്ത്രധാരണ രീതികൾ (Dress Code) ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വസ്ത്രധാരണത്തിൻ്റെ പേരിൽ വിദ്യാർത്ഥികളെ ഉപദ്രവിക്കാനോ വിവേചനം കാണിക്കാനോ പാടില്ലെന്ന് സ്കൂൾ-കോളേജ് അധികൃതർക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ സർക്കാർ ഉത്തരവിന് വിരുദ്ധമായ നിലവിലുള്ള എല്ലാ സർക്കുലറുകളും പ്രമേയങ്ങളും സ്ഥാപന നിയമങ്ങളും ഇതോടെ അസാധുവായി. വിദ്യാഭ്യാസത്തിനുള്ള അവകാശം തടസ്സപ്പെടുത്തുന്ന യാതൊരു നടപടിയും പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഭരണത്തിലേറി മൂന്ന് വര്‍ഷമായിട്ടും ഹിജാബ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാത്തതില്‍ മുസ്ലിം വിഭാഗത്തിനിടയില്‍ ശക്തമായ പ്രതിഷേധവും വിമർശനങ്ങളും നിലനിന്നിരുന്നു. ഹിജാബ് നിരോധം പിന്‍വലിക്കല്‍ ഉള്‍പ്പെടെ മുസ്ലിംങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ മൂന്ന് വര്‍ഷമായിട്ടും പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവില്‍ സമ്മേളനം നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
എന്നാൽ സർക്കാരിൻ്റെ ഉത്തരവിൽ പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിദ്ധരാമയ്യ സർക്കാർ ഇപ്പോൾ ഹിജാബ് വിഷയം വീണ്ടും ഉയർത്തുന്നതെന്ന് ബിജെപി എംഎൽഎ ഭരത് ഷെട്ടി കുറ്റപ്പെടുത്തി. ഹിജാബ് അനുവദിക്കുന്നുണ്ടെങ്കിൽ ഹിന്ദു വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ ധരിക്കാനും അനുമതി നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
English Summary:
Karnataka government has withdraw hijab order on school uniforms and issued new guidelines that permit students to wear a limited range of traditional and religion-based symbols alongside prescribed uniforms in government, aided and private schools and pre-university colleges.