Periods Leave: സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി; പുതിയ നീക്കവുമായി കര്‍ണാടക
Karnataka Government to Grant Periods Leave: റിപ്പോര്‍ട്ട് തയാറാക്കാനായി ഡോ. സപ്ന മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അവധി നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
ബെംഗളൂരു: സ്ത്രീകള്‍ക്ക് ആറ് ദിവസത്തെ ആര്‍ത്തവാവധി (Periods Leave) നല്‍കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും അവധി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
റിപ്പോര്‍ട്ട് തയാറാക്കാനായി ഡോ. സപ്ന മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അവധി നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. വിഷയം നിയമസഭയുടെ അംഗീകാരത്തിനായി നിര്‍ദ്ദേശിക്കുമെന്ന് തൊഴില്‍ വകുപ്പ് സെക്രട്ടറി മുഹമ്മദ് മൊഹ്സിന്‍ പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആര്‍ത്തവാവധി ആദ്യം സ്വകാര്യ മേഖലയിലായിരിക്കും കൊണ്ടുവരിക. പിന്നീട് സര്‍ക്കാര്‍ വകുപ്പുകളില്‍ കൊണ്ടുവരുന്നതാണ്. വിഷയത്തില്‍ നയം രൂപീകരിക്കുന്നത് സുപ്രീംകോടതിയുടെ ഉത്തരവിന് അനുസൃതമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍, വനിതാ ജീവനക്കാര്‍ക്കുള്ള പിരീഡ് ലീവ് സംബന്ധിച്ച് മാതൃകാ നയം രൂപീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. സ്ത്രീകള്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുന്നത് അവര്‍ക്കും സ്ഥാപനത്തിനും ഗുണം ചെയ്യുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ആദ്യം സ്വകാര്യ കമ്പനികളില്‍
പദ്ധതിയുടെ തുടക്കത്തില്‍ സ്വകാര്യ മേഖലകളില്‍ മാത്രമായിരിക്കും അവധി നല്‍കുക. പിന്നീട് നയം വിപുലമാക്കിയതിന് ശേഷമായിരിക്കും സര്‍ക്കാര്‍ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നത്. ആര്‍ത്തവ അവധിയെ സംബന്ധിച്ച വിഷയത്തില്‍ ഒരു നയം വേണമെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് തൊഴില്‍ വകുപ്പ് സെക്രട്ടറി മുഹമ്മദ് മൊഹ്സിന്‍ പറഞ്ഞു.
ആര്‍ത്തവാവധി അനിവാര്യം
സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കണമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി ഈ നയം നേരത്തെ കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നു, എന്തായാലും ഈ വിഷയം കുറച്ച് ദിവസത്തിനുള്ളില്‍ തൊഴില്‍ വകുപ്പ് അവലോകനം ചെയ്യും. തുടര്‍ന്ന് വകുപ്പുതലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടക്കും. സ്ത്രീകളുടെയും കുട്ടികളുടെയും വികസനവകുപ്പ്, ഐടി-ബിടി, ആരോഗ്യം, വാണിജ്യം, വ്യവസായ വകുപ്പുകള്‍, മറ്റ് പ്രസക്തമായ മേഖലകള്‍ എന്നിവയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ ഡോ. എച്ച്എന്‍ ഗോപാല്‍കൃഷ്ണ പറഞ്ഞു.
സ്ത്രീകള്‍ നമ്മുടെ തൊഴില്‍ ശക്തിയുടെ ഒരു പ്രധാന ഭാഗമാണ്. അവരുടെ ആവശ്യങ്ങള്‍ പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തമാണെന്ന് നാം മനസിലാക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങളോട് സര്‍ക്കാര്‍ ഒരിക്കലും മുഖം തിരിക്കില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്നും വനിതാ ശിശു വികസനമന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പറഞ്ഞു.
ചരിത്രമായി ബിഹാര്‍
രാജ്യത്ത് ആദ്യമായി ആര്‍ത്തവാവധി ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് ബിഹാര്‍. 1992ലാണ് ബിഹാര്‍ സര്‍ക്കാര്‍ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഓരോ മാസവും രണ്ട് അവധി വീതമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കേരളം തുടങ്ങിയ
സംസ്ഥാനങ്ങളിലും ഇപ്പോള്‍ ആര്‍ത്തവാവധിയുണ്ട്.