Driving Licence: എട്ട് മാസത്തിനിടെ കർണാടകയിൽ റദ്ദാക്കിയത് 6000ഓളം ഡ്രൈവിങ് ലൈസൻസുകൾ; ബെംഗളൂരുവിൽ മാത്രം 4000ലധികം
Trafic License Cancellation: കർണാടകയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ റദ്ദാക്കിയത് 6000ഓളം ഡ്രൈവിങ് ലൈസൻസുകൾ. 4000ലധികം ലൈസൻസുകളാണ് ബെംഗളൂരുവിൽ മാത്രം റദ്ദാക്കിയത്.

പ്രതീകാത്മക ചിത്രം
കഴിഞ്ഞ വർഷം കർണാടകയിൽ റദ്ദാക്കിയത് 6000ഓളം ഡ്രൈവിങ് ലൈൻസൻസുകൾ. ബെംഗളൂരുവിൽ മാത്രം 4000ലധികം ലൈസൻസുകൾ റദ്ദാക്കി. ഡിസംബറിൽ ട്രാഫിക് നിയമലംഘനങ്ങൾ വളരെ വർധിച്ചു എന്ന് പോലീസ് പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷ സമയത്താണ് ഏറ്റവുമധികം ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടായത് എന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള സമയത്ത് കർണാടകയിലാകെ 5947 ലൈസൻസുകളാണ് റദ്ദാക്കിയത്. ഇതിൽ 4479 എണ്ണവും ബെംഗളൂരുവിലാണ്. ഏറ്റവുമധികം ട്രാഫിക് നിയമലംഘനങ്ങളുണ്ടായ ഡിസംബർ മാസത്തെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല. മദ്യപിച്ച് വാഹനമോടിച്ചതിനാണ് 4735 കേസുകളും രജിസ്റ്റർ ചെയ്തത്. ആദ്യത്തെ തവണ തെറ്റ് ചെയ്യുന്നവരാണെങ്കിലും ലൈസൻസ് റദ്ദാക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിച്ചത്. 1512 കേസുകൾ ആർടിഒയുടെ പരിഗണനയിലാണ്. ഈ കേസുകളിൽ ഇപ്പോൾ പരിശോധന നടക്കുകയാണ്.
ബെംഗളൂരു നഗരത്തിലെ പോലീസ് സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. 53 ട്രാഫിക് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചു. ആഴ്ചാവസാനത്തിലെ നിയമലംഘനങ്ങൾ ഗൗരവമായി പരിഗണിക്കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ഒരു തരത്തിലുള്ള ഇളവും അനുവദിക്കില്ലെന്നും പോലീസ് നിലപാടെടുക്കുന്നു.
ഇതിനിടെ പുക പരിശോധനയ്ക്കും പുതിയ നിബന്ധന പുറപ്പെടുവിച്ചു. പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിൻ്റെ കാലാവധി ഒരു വർഷമായി ഉയർത്തി. നേരത്തെ ഇത് അഞ്ച് മാസമായിരുന്നു. ആദ്യത്തെ വർഷത്തിന് ശേഷം വാഹനങ്ങൾ ഇടക്കിടെ പുക പരിശോധന നടത്തണം.