Karur Stampede: ‘കാണാമെന്ന വാക്കുപാലിച്ചില്ല, പണത്തെക്കാള്‍ വലുതാണ്’; വിജയ് നൽകിയ 20 ലക്ഷം തിരികെ നൽകി മരിച്ചയാളുടെ ഭാര്യ
Karur Stampede Tragedy: വിജയ് കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് പണം തിരികെ നൽകിയത്. സംഗവി പണം ടിവികെയുടെ അക്കൗണ്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ മരിച്ചവർക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നല്‍കിയത്. വിജയ് കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് പണം തിരികെ നൽകിയത്. സംഗവി പണം ടിവികെയുടെ അക്കൗണ്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
വിജയ് നേരിട്ടെത്തി അനുശോചനം അറിയിച്ചില്ലെന്നും അതിനാലാണ് പണം തിരികെ നൽകിയതെന്നും സംഗവി പറഞ്ഞു. പണത്തേക്കാൾ വലുതാണ് അദ്ദേഹം നേരിട്ടെത്തുന്നതെന്നും സംഗവി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മഹാബലിപുരത്ത് നടന്ന വിജയ് കൂടിക്കാഴ്ചയിൽ തന്നെ ക്ഷണിച്ചില്ലെന്നും സംഗവി അറിയിച്ചു. സംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നു. തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കള്‍ മഹാബലിപുരത്തേക്ക് കൊണ്ടുപോയതെന്നും സംഗവി പറയുന്നു.
രണ്ടാഴ്ച മുൻപ് വിജയ് തങ്ങളെ വീഡിയോ കോൾ വിളിച്ചിരുന്നു. തങ്ങളെ കാണാനും അനുശോചനം അറിയിക്കാനും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു. അതേസമയം കഴിഞ്ഞ തിങ്കളാഴ്ച കരൂരിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ വിജയ് നേരിൽ കണ്ട് മാപ്പ് പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. മഹാബലിപുരത്ത് എത്തിയായിരുന്നു വിജയ് 37 കുടുംബങ്ങളുമായി സംസാരിച്ചത്. സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂർ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും അതിൽ താരം ക്ഷമ ചോദിച്ചതായും വിവരം ലഭിച്ചിരുന്നു.
Also Read:കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തെ കാണാൻ വിജയ്, കൂടിക്കാഴ്ച മഹാബലിപുരത്ത്
മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്. അപകടം നടന്ന് ഒരു മാസത്തിനു ശേഷമാണ് വിജയ് മരിച്ചവരുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ കുടുംബങ്ങൾക്കും സാമ്പത്തികസഹായവും കുട്ടികൾക്ക് വിദ്യാഭ്യാസസഹായവും ഉറപ്പുനൽകി.
കഴിഞ്ഞ മാസമാണ് ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സുപ്രീംകോടതി നിർദേശപ്രകാരം സിബിഐ അന്വേഷണം തുടങ്ങി.