LPG Supply: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ട, പക്ഷെ പാനിക് ബുക്കിംഗ് ഒഴിവാക്കണം, സാഹചര്യങ്ങൾ വിശദീകരിച്ച് കേന്ദ്രം
LPG Supply Update: ക്രൂഡ് ഓയിൽ വിതരണം ആവശ്യത്തിനുണ്ടെന്നും പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ പാചകവാതക വിതരണത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ. നിലവിൽ എൽപിജി വിതരണം ഒരു തടസ്സവുമില്ലാതെ തുടരുന്നുണ്ടെന്നും എന്നാൽ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി മൂലം പാനിക് ബുക്കിംഗ് വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഒരു വിതരണ കേന്ദ്രത്തിലും എൽപിജി ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലേക്കും ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പാചകവാതക വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പാചകവാതകത്തിന്റെ 90 ശതമാനവും കടന്നുപോകുന്നത് പശ്ചിമേഷ്യയിലെ ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാൻ സംഘർഷത്തെത്തുടർന്ന് ഈ പാതയിൽ ഗതാഗത തടസ്സമുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രമാണെന്ന് കേന്ദ്രം അറിയിച്ചു.
ക്രൂഡ് ഓയിൽ വിതരണം ആവശ്യത്തിനുണ്ടെന്നും പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നിലവിൽ ക്ഷാമമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ്ജ വിതരണ ശൃംഖല സുരക്ഷിതമാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ നേരത്തെ ഉറപ്പുനൽകിയിരുന്നു.
അനാവശ്യമായി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്ത് സ്റ്റോക്ക് ചെയ്യുന്നത് വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കുമെന്നും അതിനാൽ ഉപഭോക്താക്കൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.