Madhya Pradesh: നിയമസഭയിൽ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും നിരോധിച്ച് മധ്യപ്രദേശ് സർക്കാർ; എതിർപ്പറിയിച്ച് കോൺഗ്രസ്
Madhya Pradesh Bans Protests Inside Legislative Assembly: നിയമസഭയ്ക്കുള്ളിൽ പ്രതിഷേധങ്ങൾ നിരോധിച്ച് മധ്യപ്രദേശ്. എല്ലാത്തരം മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുണ്ട്.
നിയമസഭയിൽ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. ജൂലൈ 29 തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് നിരോധനം. സഭയ്ക്കുള്ളിൽ എല്ലാത്തരം മുദ്രാവാക്യം വിളികളും പ്രതീകാത്മക പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് എതിർപ്പറിയിച്ചു.
കഴിഞ്ഞ ഏതാനും സമ്മേളനങ്ങളിൽ കോൺഗ്രസ് വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ സഭയിൽ നടത്തിയിരുന്നു. ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് സർക്കാർ മുഖം തിരിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഒരംഗം കറുത്ത മാസ്ക് ധരിച്ച് സഭയിലെത്തി. മറ്റൊരംഗം തൊഴിലില്ലായ്മയെ ചൂണ്ടിക്കാട്ടി വ്യാജ സർപ്പത്തെ കൊണ്ടുവന്ന് പ്രതിഷേധിച്ചു. അഴിമതി ആരോപിച്ചുകൊണ്ട് അസ്ഥികൂടങ്ങളും സ്വർണ്ണ ഇഷ്ടികകളും ഉയർത്തിക്കാട്ടി. കടക്കെണി പ്രതിനിധാനം ചെയ്യാൻ ചങ്ങലകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതൊന്നും ഇനി അനുവദിക്കില്ലെന്നാണ് സർക്കാരിൻ്റെ തീരുമാനം.
സ്റ്റാൻഡിംഗ് ഓർഡർ 94(2) പ്രകാരം എല്ലാത്തരം പ്രതിഷേധങ്ങളും സംഭയിൽ നിരോധിച്ചു. നിയമസഭയെ ഒരു ‘സൈലൻസ് സോൺ’ ആക്കി മാറ്റിയെന്നാണ് സർക്കാർ അറിയിച്ചത്. ഈ തീരുമാനത്തെ കോൺഗ്രസ് വക്താക്കൾ രൂക്ഷമായി വിമർശിച്ചു. സ്വേച്ഛാധിപത്യപരമെന്നാണ് ഉപ പ്രതിപക്ഷ നേതാവ് ഹേമ്മന്ത് കടാരെ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതുപോലും അവർ നിരോധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അകത്ത് എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ, മഹാത്മാഗാന്ധിയുടെയും ബാബാ സാഹേബ് അംബേദ്കറുടെയും മുദ്രാവാക്യങ്ങൾ പോലും ഇപ്പോൾ നിരോധിക്കപ്പെട്ടിരിക്കുകയാണെങ്കിൽ, നമ്മൾ അടിയന്തരാവസ്ഥയിലാണോ എന്നും അദ്ദേഹം ചോദിച്ചു.
‘ജനാധിപത്യത്തിന്റെ അന്തസ്സ്’ കാത്തുസൂക്ഷിക്കാനായാണ് ഇങ്ങനെ ഒരു നിരോധനം ഏർപ്പെടുത്തിയതെന്ന് സർക്കാർ പറയുന്നു. നിയമസഭയിൽ ഗൗരവമായ ചർച്ചകളാണ് നടക്കേണ്ടതെന്ന് ബിജെപി എംഎൽഎ രാമേശ്വർ ശർമ്മ പറഞ്ഞു. ഗുസ്തി പിടിക്കാനും അലമ്പുണ്ടാക്കാനും ഇത് മൈതാനങ്ങളല്ല. നിയമസഭ ഒരു തീയറ്ററല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിപക്ഷം ഈ വാദത്തെ അംഗീകരിക്കുന്നില്ല. വിയോജിപ്പുകളില്ലാത്ത ജനാധിപത്യം വെറുമൊരു ഏകപക്ഷീയമായ പ്രസംഗം മാത്രമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ വാദം.