Farmer: ഒരു ലക്ഷം രൂപയുടെ വായ്പ പലിശ കയറി 74 ലക്ഷം രൂപയായി; വൃക്ക വിറ്റ് പണമടച്ച് കർഷകൻ
Farmer Sells Kidney For 8 Lakh: 74 ലക്ഷം രൂപയുടെ പലിശ തിരിച്ചടയ്ക്കാൻ വൃക്ക വിറ്റ് കർഷകൻ. ഒരു ലക്ഷം രൂപയുടെ വായ്പയാണ് 74 ലക്ഷം രൂപയുടെ പലിശ ആയത്.
ഒരു ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാൻ വൃക്ക വിറ്റ് കർഷകൻ. ഒരു ലക്ഷം രൂപയുടെ വായ്പ പലിശ കയറി 74 ലക്ഷം രൂപ ആയതിനെ തുടർന്നാണ് ക്ഷീര കർഷകന് തൻ്റെ വൃക്ക വിൽക്കേണ്ടിവന്നത്. പോലീസിൽ പരാതിനൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇനി തനിക്കും കുടുംബത്തിനും ആത്മഹത്യ മാത്രമാണ് മാർഗമെന്നും കർഷകൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്ര ചന്ദ്രപൂർ ജില്ലയിലെ റോഷൻ സദാശിവ് കുഡെ എന്ന കർഷകനാണ് കടക്കെണി മൂലം വൃക്ക വിൽക്കേണ്ടിവന്നത്. കൃഷിയിൽ തുടരെ നഷ്ടം നേരിട്ടതിനെ തുടർന്ന് ക്ഷീരമേഖലയിൽ ഒരു സംരംഭം തുടങ്ങാനാണ് റോഷൻ ഒരു ലക്ഷം രൂപയുടെ വായ്പ എടുത്തത്. പല പണമിടപാടുകാരിൽ നിന്നാണ് റോഷൻ ഈ പണം സമാഹരിച്ചത്. ദിവസം 10,000 രൂപ എന്ന ഭീമമായ പലിശയാണ് ഇവർ ഈ പണത്തിന് ഈടാക്കിയിരുന്നത്.
വായ്പയെടുത്ത് വാങ്ങിയ പശുക്കൾ ചത്തതും കൃഷി നശിച്ചതും കാരണം പലിശ അടയ്ക്കാൻ കഴിയാതെയായി. ഇതോടെ പലിശ വർധിച്ച് 74 ലക്ഷം രൂപയായി. പലിശ ചോദിച്ച് പണമിടപാടുകാർ തുടരെ ശല്യം ചെയ്തതോടെ തൻ്റെ ട്രാക്ടറും വീട്ടുപകരണങ്ങളും ഭൂമിയും വിറ്റെങ്കിലും കടം വീട്ടാൻ കഴിഞ്ഞില്ല. പിന്നാലെ ഒരു പണമിടപാടുകാരനാണ് വൃക്ക വിൽക്കാൻ നിർദ്ദേശിച്ചത്. ഇതനുസരിച്ച് കൊൽക്കത്തയിലെ ചില ഏജൻ്റുമാർ വഴി കംബോഡിയയിൽ എത്തിയ കിഷോർ എട്ട് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റു. റോഷന് പണം കടം കൊടുത്തവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ കൊള്ളപ്പലിശയിൽ പരാതിനൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് റോഷൻ ആരോപിച്ചു. നീതി ലഭിച്ചില്ലെങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്നും റോഷൻ പറഞ്ഞു.