AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Air Pollution: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിർമാണത്തൊഴിലാളികൾക്ക് ധനസഹായം, ഓഫീസുകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

Delhi Air Pollution Restrictions: ജയിലുകൾ, ആരോഗ്യ സേവനങ്ങൾ, പൊതുഗതാഗതം, വൈദ്യുതി തുടങ്ങിയ അവശ്യ സർവീസുകൾക്ക് നിയന്ത്രണത്തിൽ ഇളവ് ലഭിക്കും. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ നിരവധി നിർമ്മാണ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.

Delhi Air Pollution: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിർമാണത്തൊഴിലാളികൾക്ക് ധനസഹായം, ഓഫീസുകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
Delhi Air PollutionImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 17 Dec 2025 13:03 PM

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ (Delhi Air Pollution) കടുത്ത നിയന്ത്രണങ്ങൾ. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഇതിന്റെ ഭാഗമായി, ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്ക് മാത്രം ഹാജരായാൽ മതിയാകും. ബാക്കിയുള്ള ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) അനുമതി നൽകികൊണ്ട് തൊഴിൽ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഡിസംബർ 18 (നാളെ) മുതൽ ഈ ഹാജർ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ജയിലുകൾ, ആരോഗ്യ സേവനങ്ങൾ, പൊതുഗതാഗതം, വൈദ്യുതി തുടങ്ങിയ അവശ്യ സർവീസുകൾക്ക് നിയന്ത്രണത്തിൽ ഇളവ് ലഭിക്കും. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ നിരവധി നിർമ്മാണ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇവർക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.

ALSO READ: പൊതുവേദിയിൽ ഡോക്ടറുടെ ഹിജാബ് വലിച്ചുനീക്കി നിതീഷ് കുമാർ; ‘നീചമായ പ്രവൃത്തി’യെന്ന് കോൺഗ്രസ്

ഗ്രാപ് സ്റ്റേജ് 3 പ്രകാരം 16 ദിവസമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നത്. ഈ കാലയളവിലെ നഷ്ടപരിഹാരമാണ് തൊഴിലാളികൾക്ക് ലഭിക്കുക. പക്ഷേ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മാത്രമെ പണം ലഭിക്കുകയുള്ളൂ. ഗ്രാപ് സ്റ്റേജ് 4 മായി ബന്ധപ്പെട്ട നഷ്ടപരിഹാരം നൽകുന്നത് നിയന്ത്രണങ്ങൾ നീക്കിയ ശേഷം കണക്കാക്കും. കൂടാതെ സർക്കാർ, സർക്കാർ-എയ്ഡഡ്, അൺഎയ്ഡഡ് അംഗീകൃത സ്വകാര്യ സ്കൂളുകളോട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകണമെന്നാണ് ഡൽഹി സർക്കാരിൻ്റെ നിർദ്ദേശം.

അതിനിടെ ബുധനാഴ്ച രാവിലെ ഡൽഹിയിലെ വായു ഗുണനിലവാര സൂചികയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും, 328 എന്ന നിലയിൽ സൂചികയുടെ ‘അതിരൂക്ഷം’ എന്ന വിഭാഗത്തിലാണ് ഇപ്പോഴുമുള്ളത്. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകപടലം രൂപപ്പെട്ടിട്ടുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞിട്ടുണ്ട്. അതിനാൽ വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. അത്യാവശ്യ സേവനങ്ങൾ അല്ലാത്ത മറ്റൊരു സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കരുതെന്നാണ് ഉത്തരവ്.