Delhi Drug Bust : ഡൽഹിയിൽ രണ്ടായിരം കോടിയുടെ കൊക്കെയ്ൻ പിടികൂടി; പിന്നിൽ രാജ്യാന്തര സംഘമെന്ന് പോലീസ്
Drug Bust In Delhi : ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട. സൗത്ത് ഡൽഹിയിൽ നടത്തിയ പരിശോധനയിൽ രണ്ടായിരം കോടി വിലമതിക്കുന്ന 500 കിലോ കൊക്കെയ്നാണ് പോലീസ് പിടികൂടിയത്.
ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ടയുമായി പോലീസ്. 500 കിലോ തൂക്കമുള്ള, രണ്ടായിരം കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നാണ് ഡൽഹി പോലീസ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നിൽ രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘമാണെന്ന് പോലീസ് പറഞ്ഞു. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും പോലീസ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗത്ത് ഡൽഹിയിൽ നിന്നാണ് ഡൽഹി പോലീസിൻ്റെ പ്രത്യേക വിഭാഗം കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘത്തിന് ഈ സംഭവവുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ഹൈ പ്രൊഫൈൽ പാർട്ടികളിൽ ഉപയോഗിക്കാനായി എത്തിച്ച മയക്കുമരുന്നാണ് ഇതെന്നാണ് സൂചന. പിടിയിലായ നാല് പേരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരിലൂടെ രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘത്തിലേക്കെത്തിച്ചേരാനാണ് പോലീസിൻ്റെ ശ്രമം.
ഇക്കഴിഞ്ഞ ഞായറാഴ്ചയും ഡൽഹിയിൽ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. രണ്ട് അഫ്ഗാൻ പൗരന്മാരെയാണ് ഞായറാഴ്ച പിടികൂടിയത്. തിലക് നഗറിൽ നടന്ന പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരിൽ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന വമ്പൻ മയക്കുമരുന്ന് വേട്ട.
ഞായറാഴ്ച തന്നെ ഡൽഹി കസ്റ്റംസും മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇന്ദിരാ ഗാന്ധി രാജ്യാന്തര എയർപോർട്ടിൽ നടത്തിയ പരിശോധനയ്ക്കിടെ 24 കോടി രൂപ വിലമതിക്കുന്ന 1660 ഗ്രാം കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്. ലൈബീരിയൻ പൗരനെയാണ് ഈ കേസിൽ പിടികൂടിയത്. ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ ഇയാൾക്കെതിരെ 1985ലെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. രാജ്യതലസ്ഥാനത്ത് സ്ഥിരമായി നടക്കുന്ന മയക്കുമരുന്ന് വേട്ട മൊത്തത്തിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ദി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് ആണ് എൻഡിപിഎസ് ആക്ട്. മയക്കുമരുന്നുകളുടെ ഉത്പാദനം. വിതരണം, കൃഷി, കൈവശം വെക്കൽ, വില്പന, വാങ്ങൽ, സൂക്ഷിക്കൽ, കടത്തൽ തുടങ്ങി എല്ലാം തടയുന്നതാണ് ഈ നിയമം. 85ൽ പാസാക്കിയ നിയമം പിന്നീട് 1988, 2001, 2014, 2021 വർഷങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം മുതൽ 10 വർഷം വരെ തടവും 10000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം.