Mamata Banerjee : മാധ്യമങ്ങൾ എൻ്റെ വാക്കുകൾ വളച്ചൊടിച്ചു’; ദുർഗാപുർ കൂട്ടബലാത്സംഗ കേസ് വിഷയത്തിൽ വിശദീകരണവുമായി മമത ബാനർജി
Mamata Banerjee on Durgapur Statement: വടക്കൻ ബംഗാളിലേക്ക് പോകുന്നതിന് മുമ്പ് കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു മമതയുടെ വിവാദമായ പരാമർശം.
ന്യൂഡൽഹി: ദുർഗാപുർ കൂട്ടബലാത്സംഗ കേസിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. തൻ്റെ മുൻ പരാമർശത്തിൽ പ്രതിപക്ഷത്തു നിന്നടക്കം രൂക്ഷ വിമർശനം നേരിട്ടതിനെ തുടർന്ന്, മാധ്യമങ്ങൾ തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് അവർ ഞായറാഴ്ച പറഞ്ഞു.
“മാധ്യമങ്ങൾ എൻ്റെ വാക്കുകൾ വളച്ചൊടിച്ചു. നിങ്ങൾ എന്നോട് ഒരു ചോദ്യം ചോദിക്കുന്നു, ഞാൻ അതിന് മറുപടി നൽകുന്നു, എന്നിട്ട് നിങ്ങൾ അത് വളച്ചൊടിക്കുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയം കളിക്കാൻ ശ്രമിക്കരുത്,” വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശനഷ്ടമുണ്ടാക്കിയ വടക്കൻ ബംഗാളിലെ അലിപുർദ്വാർ സന്ദർശിക്കുന്നതിനിടെ മമത ബാനർജി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
വിവാദപരമായ പരാമർശം
വടക്കൻ ബംഗാളിലേക്ക് പോകുന്നതിന് മുമ്പ് കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു മമതയുടെ വിവാദമായ പരാമർശം. “പെൺകുട്ടികൾ രാത്രി വൈകി പുറത്തിറങ്ങുന്നത് ഒഴിവാക്കണം” എന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.
“ആ പെൺകുട്ടി ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നു. എങ്ങനെയാണ് അവൾ രാത്രി 12:30-ന് പുറത്തിറങ്ങിയത്? എൻ്റെ അറിവിൽ, സംഭവം നടന്നത് ഒരു വനപ്രദേശത്താണ്. അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ എനിക്ക് ഞെട്ടലുണ്ട്, പക്ഷേ സ്വകാര്യ മെഡിക്കൽ കോളേജുകളും വിദ്യാർത്ഥികളെ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, പെൺകുട്ടികളെ രാത്രി പുറത്ത് വരരുത്. അവർ സ്വയം സംരക്ഷിക്കണം,” മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു.
Also Read: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
പ്രതിപക്ഷം വിമർശനവുമായി രംഗത്ത്
മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് തിരികൊളുത്തി. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല, ഈ വിഷയത്തിൽ കോൺഗ്രസ് പുലർത്തുന്ന മൗനത്തെ വിമർശിച്ചു.മറ്റൊരു ബിജെപി വക്താവായ ഗൗരവ് ഭാട്ടിയ, മമത ബാനർജിക്കെതിരെ ‘ഇരയെ കുറ്റപ്പെടുത്തുന്നു’ എന്ന് ആരോപിച്ചു.