Arattai: ‘വാട്സപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തെങ്കിൽ അരട്ടൈ ഉപയോഗിച്ചുകൂടേ?’; ഹർജിക്കാരനോട് സുപ്രീം കോടതി
Supreme Court About Arattai: അരട്ടൈ അക്കൗണ്ട് ഉപയോഗിക്കൂ എന്ന് സുപ്രീം കോടതി. വാട്സപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
വാട്സപ്പിന് പകരം അരട്ടൈ ഉപയോഗിച്ചുകൂടേ എന്ന് സുപ്രീം കോടതി. തൻ്റെ അക്കൗണ്ട് വാട്സപ്പ് ബ്ലോക്ക് ചെയ്തെന്നും അത് മൗലികാവകാശലംഘനമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വാട്സപ്പ് ഉപയോഗിക്കുന്നത് മൗലികാവകാശ ലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് വിക്രം നാഥും സന്ദീപ് മെഹ്തയും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഉപഭോക്താക്കളുമായി സംവദിക്കാൻ ഉപയോഗിച്ചിരുന്ന വാട്സപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തെന്നായിരുന്നു ക്ലിനിക്ക് ഉടമയുടെ പരാതി. കഴിഞ്ഞ 12 വർഷത്തോളമായി ഈ വാട്സപ്പ് നമ്പരാണ് ഉപഭോക്താക്കളുമായി സംവദിക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഒരു കാരണവുമില്ലാതെ വാട്സപ്പ് ഈ അക്കൗണ്ട് പെട്ടെന്ന് ബ്ലോക്ക് ആക്കി. ഈ അക്കൗണ്ട് റീസ്റ്റോർ ചെയ്യണമെന്നായിരുന്നു ഹർജി. എന്നാൽ, ഇത് സുപ്രീം കോടതി തള്ളി.
അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനായി സർക്കാർ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇതിൽ സുതാര്യതയുണ്ടാവണമെന്നും പരാതിക്കാരൻ പറഞ്ഞു. സംവദിക്കാനായി മറ്റ് പ്ലാറ്റ്ഫോമുകളുണ്ടെന്നും അവ ഉപയോഗിക്കാമെന്നും കോടതി പരാതിക്കാരനോട് പറഞ്ഞു. അടുത്തിടെ, നമ്മുടെ രാജ്യത്തുനിന്ന് തന്നെയുള്ള ഒരു ആപ്പ് വന്നല്ലോ, അത് ഉപയോഗിക്കൂ എന്നും ജസ്റ്റിസ് സന്ദീപ് മെഹ്ത പറഞ്ഞു.
ചെന്നൈ ആസ്ഥാനമായ സോഹോ കോർപ്പറേഷനാണ് അരട്ടൈ ആപ്പ് നിർമ്മിച്ചത്. മൂന്നര ലക്ഷത്തിലധികം ഡൗൺലോഡുകളുമായി അരട്ടൈ കുതിയ്ക്കുകയാണ്. ടെസ്റ്റ് മെസേജുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അടക്കമുള്ള സുരക്ഷകൾ ഉടൻ ഏർപ്പെടുത്തുമെന്ന് സ്ഥാപകൻ ശ്രീധർ വെമ്പു പറഞ്ഞു.
വാട്സപ്പിനോട് സമാനമായ ഫീച്ചറുകളും വാട്സപ്പിൽ ഇല്ലാത്ത ഫീച്ചറുകളും അരട്ടൈയിലുണ്ട്. സ്വന്തം നമ്പരിലേക്ക് മെസേജ് അയക്കുന്നതിന് പകരം പോക്കറ്റ് എന്ന പേരിൽ ആവശ്യമുള്ള വിവരങ്ങൾ ഷെയർ ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യം അരട്ടൈ ഒരുക്കിയിട്ടുണ്ട്. വാട്സപ്പിൽ ഇല്ലാത്ത മീറ്റിങ് ഫീച്ചറാണ് അരട്ടൈയുടെ മറ്റൊരു സവിശേഷത.