Mob Lynches Death: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് തല്ലികൊന്ന സംഭവം; മംഗളൂരുവിൽ കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം
Mangaluru Mob Lynches Death: പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. അതിനിടെ യുവാവ് പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.
മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താൻ അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവിൽ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് മലയാളിയെന്ന് സംശയം. ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. കേസിൽ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ച യുവാവിൻ്റെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വയനാട് പുൽപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സംശയമുണ്ട്. ഇയാൾ കുറച്ച് നാൾക്ക് മുമ്പ് വീട് വിട്ട് പോയിരുന്നു. മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചിരിക്കുകയാണ്.
ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. അതിനിടെ യുവാവ് പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് യുവാവ് പറഞ്ഞതായി ആരോപിക്കപ്പെടുന്നു. സച്ചിൻ, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയൻ ഐവാരിഷ്, ശ്രീദത്ത, രാഹുൽ, പ്രദീപ്കുമാർ, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോർ എന്നിവരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
ആൾക്കൂട്ട മർദ്ദനത്തിനെ തുടർന്നാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര സ്ഥിരീകരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും, പത്തിലേറെ പേരേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി.
ഞായറാഴ്ച നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ പത്ത് ടീമുകളാണ് പങ്കെടുത്തിരുന്നത്. സംഭവം നടക്കുമ്പോൾ ഏകദേശം നൂറിലേറെ പേർ സ്ഥലത്തുണ്ടായിരുന്നു. സച്ചിൻ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം തർക്കമുണ്ടാകുന്നത്. പിന്നീട് മറ്റുള്ളവർ കൂടി ചേർന്ന് കൂട്ട ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ചവിട്ടിയും വടികൊണ്ടടിച്ചുമാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. പിന്നീട് വൈകിട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയിൽ കണ്ടത്തിയത്.