Man Kills Friend: ഒരുമിച്ച് ജയിൽവാസം; പുറത്തിറങ്ങിയപ്പോൾ സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതം; അടിച്ചു കൊന്ന് ഭർത്താവ്
Man Killed Friend in Erode: ജെസിബി ഡ്രൈവർമാരായ ചന്ദ്രനും നല്ലസാമിയും സുഹൃത്തുക്കളായിരുന്നു. 2017ൽ നടന്നൊരു ഇരട്ടകൊലപാതക കേസിലെ പ്രതികളാണ് ഇരുവരും.
ഈറോഡ്: ഭാര്യയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്. തമിഴ്‌നാട്ടിലെ ഈറോഡ് ഭവാനിസാഗറിലാണ് സംഭവം. ഭാര്യയുമായുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ 35കാരനായ ചന്ദ്രനെ എം നല്ലസാമി (38) പാറക്കല്ല് കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിൽ നല്ലസാമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെസിബി ഡ്രൈവർമാരായ ചന്ദ്രനും നല്ലസാമിയും സുഹൃത്തുക്കളായിരുന്നു. 2017ൽ നടന്നൊരു ഇരട്ടകൊലപാതക കേസിലെ പ്രതികളാണ് ഇരുവരും. ഇവർ ഒന്നിച്ചായിരുന്നു ജയിലിൽ കഴിഞ്ഞിരുന്നത്. 11 മാസം മുൻപ് ചന്ദ്രൻ ജയിലിൽ നിന്നും പുറത്തിറങ്ങി. ഈ സമയത്ത് നല്ലസാമി ജയിലിൽ തന്നെയായിരുന്നു.
പുറത്തിറങ്ങിയ ചന്ദ്രൻ പിന്നീട് നല്ലസാമിയുടെ ഭാര്യയുമായി പ്രണയത്തിലാവുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ നല്ലസാമിയും ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും ഇരുവരുടെയും പ്രണയ ബന്ധത്തെ കുറിച്ച് അറിയുന്നത് ഈയിടെയാണ്. വ്യാഴാഴ്ച രാത്രി നല്ലസാമിയുടെ ഭാര്യ ചിന്താമണിയെ കാണാൻ ചന്ദ്രൻ അവരുടെ വീട്ടിൽ എത്തി.
ALSO READ: സിക്ക് ലീവ് എടുക്കുന്നു എന്ന് മാനേജറിന് മെസേജ്; 10 മിനിട്ടിനുള്ളിൽ മരണപ്പെട്ട് ജീവനക്കാരൻ
ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ നല്ലസാമി ഇരുവരെയും കണ്ടതോടെ ചന്ദ്രനെ പാറക്കല്ല് ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ചന്ദ്രൻ മരിച്ചു. സംഭവത്തിൽ കേസെടുത്ത ഭവാനിസഗർ പോലീസ് നല്ലസാമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.