Shocking: രണ്ട് മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷത്തിന് വിറ്റു; രക്ഷിച്ചത് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ
പോലീസ് സ്ഥലത്തെത്തി വനിതാ ശിശുക്ഷേമ അധികൃതരെ വിവരം അറിയിച്ചു. ഗുണ്ടൂർ ആസ്ഥാനമായുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ അമ്മയെയും കുഞ്ഞിനെയും എത്തിച്ചു.
വിജയവാഡ : വെറും രണ്ട് മാസം പ്രായമായ കുഞ്ഞിനെ 2 ലക്ഷത്തിന് വിറ്റ സംഭവത്തിൽ കേസെടുത്ത് പോലീസ്. കുഞ്ഞിനെ വിറ്റ പൈസയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഒടുവിൽ അധികൃതരിലേക്ക് വിവരം എത്തിയത്. ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. ആന്ധ്രയിലെ പട്ല ഇന്ദിരാ നഗർ കോളനിയിലെ വെങ്കിടേശ്വരമ്മയാണ് കുട്ടിയെ വിറ്റതായി പറയുന്നത്. രണ്ട് മാസം മുൻപാണ് ഇവർക്ക് കുട്ടി ജനിച്ചതെന്ന് പറയപ്പെടുന്നത്. കുഞ്ഞിനെ കൃഷ്ണ ജില്ലയിലെ കൊഡൂർ സ്വദേശി ഗീതയ്ക്കാണ് ഇവർ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റത്. ഇതിന് പിന്നിൽ പ്രവർത്തിച്ച് ഒന്നിലധികം ഇടനിലക്കാരണെന്നാണ് വിവരം. 2 ലക്ഷത്തിന് പറഞ്ഞുറപ്പിച്ച കച്ചവടത്തിൽ വെങ്കിടേശ്വരമ്മക്ക്, അറുപതിനായിരം രൂപ മാത്രമാണ് ലഭിച്ചത്.
ഇത് തർക്കത്തിന് കാരണമായി. സംഭവം നാട്ടുകാർ കൂടി അറിഞ്ഞതോടെ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വനിതാ ശിശുക്ഷേമ അധികൃതരെ വിവരം അറിയിച്ചു.ഗുണ്ടൂർ ആസ്ഥാനമായുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ അമ്മയെയും കുഞ്ഞിനെയും എത്തിച്ചു. തുടർന്ന് പരിചരണത്തിനും സംരക്ഷണത്തിനുമായി ഇവർ കുഞ്ഞിനെ ശിശു ഗൃഹയിലേക്ക് മാറ്റി. യുവതിയെ കൗൺസിലിംഗിനായി ബാപട്‌ലയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ, രണ്ട് മാസം പ്രായമുള്ള ആൺകുട്ടിയെ കാവലി സ്വദേശികളായ ദമ്പതികൾക്ക് വിറ്റ കേസിൽ ഈ സ്ത്രീക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. സംഭവത്തിൽ നിരവധി ഇടനിലക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമ പദ്ധതി ഡയറക്ടർ ഡി. രാധ മാധവി പറയുന്നു. കേസിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.