M Pox: ഭീതി വേണ്ട, രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
M pox: വിദേശത്ത് നിന്ന് എത്തിയ യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ന്യൂഡൽഹി: രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. പൂനെ വെെറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ നെഗ്റ്റീവ് ആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒരാളെ എം പോക്സ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എംപോക്സ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കണമെന്നും നിരീക്ഷിക്കണമെന്നും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള ആഫ്രിക്കൻ രാജ്യത്ത് നിന്ന് നിന്നാണ് ഇയാൾ ഇന്ത്യയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. ഐസോലേഷനിൽ തുടരുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ 116 രാജ്യങ്ങളിലാണ് വെെറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എം പോക്സിനെ ഗ്രേഡ് 3 അടിയന്തര വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. രോഗനിർണ്ണയത്തിനായി 32 ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. ഡൽഹിയിലെ ആർഎംഎൽ, സഫ്ദർജംഗ്,ലേഡി ഹാർഡിംഗ് ആശുപത്രികളിൽ രോഗപ്രതിരോധത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകാനുള്ള നടപടികളും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്.
എം പോക്സ് ആദ്യമായി സ്ഥിരീകരിച്ചത്
1958-ൽ ഡെൻമാർക്കിൽ പരീക്ഷണങ്ങൾക്കായുള്ള കുരുങ്ങുകളിലാണ് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത്. 1970-ൽ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഒമ്പതുമാസം പ്രായമായ കുട്ടിയിലാണ് ആദ്യമായി രോഗം മനുഷ്യരിൽ സ്ഥിരീകരിക്കപ്പെടുന്നത്. വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്സ് വെെറസ് ജനസിൽപ്പെട്ടതാണ് മങ്കിപോക്സ് വെെറസ്. ക്ലേഡ് വൺ, ക്ലേഡ് ടു എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വെെറസിനുള്ളത്.
രോഗ ലക്ഷണങ്ങൾ
വെെറസ് ബാധയുണ്ടായാവൽ ഒന്ന് മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാക്കും. കടുത്ത പനി, പേശി വേദന, ലിംഫുനോഡുകളിലെ വീക്കം, തലവേദന, ത്വക്കിൽ പഴുപ്പും ചൊറിച്ചിലുമുള്ള വേദനയുള്ള കുമിളകൾ, തടിപ്പുകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. അണുബാധിതരായവരുമായോ രോഗം ബാധിച്ച മൃഗങ്ങളുമായോ ഉള്ള ശാരീരിക സമ്പർക്കത്തിലൂടെ രോഗം പകരാം. കുരങ്ങ് മാത്രമല്ല എലി, അണ്ണാൻ തുടങ്ങിയ മൃഗങ്ങളിൽ നിന്നും ഈ വെെറസ് മനുഷ്യരിലേക്ക് പകരും.
ചികിത്സ
വെെറൽ രോഗമായതിനാൽ എം പോക്സിന് പ്രത്യേക ചികിത്സയില്ല. രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുക, രോഗം മൂലമുള്ള സങ്കീർണ്ണതകൾ കെെകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം. എംപോക്സ് ലക്ഷണമുള്ളയാളെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തിൽ വയ്ക്കുകയും വേണം. എംപോക്സ് ബാധിതനാണെങ്കിൽ വ്രണങ്ങളും തടിപ്പുകളും പൂർണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരിൽ നിന്ന് അകൽച്ച പാലിക്കണം. രോഗം ഭേദമാകാൻ രണ്ട് മുതൽ നാല് ആഴ്ച വരെ സമയമെടുക്കും.
വാക്സിൻ
എംപോക്സിനെതിരെ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള വാക്സിനുകൾ ഉണ്ട്. എം.വി.ബി.എൻ, എൽ സി 16, എസി എഎം2000 എന്നീ മൂന്ന് വാക്സിനുകളാണ് എം പോക്സിനെതിരെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. എം പോക്സുള്ള ആളുമായി സമ്പർക്കം പുലർത്തിയാൽ നാല് ദിവസത്തിനുള്ളിൽ വാക്സിൻ നൽകണം. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും. 2022-ൽ ക്ലേഡ് ടു ബി വെെറസ് വകഭേദമാണ് രോഗ വ്യാപനത്തിന് കാരണമായതെങ്കിൽ ഇപ്പോൾ കൂടുതൽ വ്യാപന ശേഷിയുള്ള ക്ലേഡ് വൺ ബി വകഭേദമാണ് വ്യാപിക്കുന്നത്. ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പഴയ വകഭേദത്തിനേക്കാൾ 10 ശതമാനം കൂടുതലാണ്.