Fake Police Officer: ഫ്രീ ഫുഡ്, ഫ്രീ സിനിമാ, ഡ്യൂട്ടിയില്ല…. പോലീസായാൽ ഇങ്ങനെയും ഗുണമുണ്ടോ; തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ
Fake Police Officer: പോലീസ് യൂണിഫോമിലെത്തി ടിക്കറ്റ് എടുക്കാതെ സിനിമ കാണുകയും പണം നൽകാതെ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന പോലീസുകാരനെതിരെ പരാതി ഉയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

ലഖ്നൗ: പോലീസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് വൻ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. പോലീസ് വേഷം കെട്ടി തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും സിനിമ കാണുകയുമായിരുന്നു ഇയാളുടെ പ്രധാന തട്ടിപ്പ്. ബാഹ്റൈച്ച് സ്വദേശിയായ റോമിൽ സിംഗാണ് അറസ്റ്റിലായത്. പോലീസ് യൂണിഫോമിലെത്തി ടിക്കറ്റ് എടുക്കാതെ സിനിമ കാണുകയും പണം നൽകാതെ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന പോലീസുകാരനെതിരെ പരാതി ഉയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
പൊലീസിൽ ചേരണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്ന യുവാവിന് അതിനുള്ള പരീക്ഷ പാസാകാനായിരുന്നില്ല. പോലീസുകാരൻ പതിവായി സിനിമ ഫ്രീയായി കാണാനെത്തിയതോടെയാണ് തിയേറ്റർ ഉടമകൾക്ക് സംശയം തോന്നി പരാതി നൽകിയത്. ബാഹ്റൈച്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും ബാരാബങ്കിയിൽ ഡ്യൂട്ടിയിലാണെന്നുമാണ് ഇയാൾ പ്രദേശവാസികളോട് പറഞ്ഞുവച്ചിരുന്നത്. തിരക്കാനെത്തിയ പോലീസുകാരോടും ഇത് തന്നെയാണ് ഇയാൾ പറഞ്ഞു.
ALSO READ: മെഡിക്കൽ ക്യാമ്പിനിടെ പെൺകുട്ടികളോട് ലൈംഗികാതിക്രമം; യുവ ഡോക്ടർക്കെതിരെ പോക്‌സോ കേസ്
എന്നാൽ അതിന് പിന്നാലെ പോസ് ഡാറ്റാ ബേസ് പരിശോധിച്ചതോടെയാണ് കള്ളത്തരം പുറത്തായത്. ഇതോടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തതായാണ് റിപ്പോർട്ട്. ഇയാളുടെ കൈവശം നിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് അടക്കം പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾക്കൊപ്പം മറ്റാരെങ്കിലും തട്ടിപ്പിൽ പങ്കു പറ്റിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിച്ച് വരികയാണ്.
ലഖ്‌നൗവിലെ ചാർബാഗിൽ നിന്ന് ഒരു പോലീസ് യൂണിഫോമും ബാഡ്ജുകളും വാങ്ങി വേഷം മാറിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കൂടാതെ പോലീസാണെന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ് പ്രിൻ്റും കൈവശം ഉണ്ടായിരുന്നു. ഈ വ്യാജ ഐഡൻ്റിറ്റി ഉപയോഗിച്ചാണ് പ്രതി പതിവായി മൾട്ടിപ്ലക്സുകൾ സന്ദർശിച്ച് സിനിമ കാണുകയും ബില്ലുകൾ അടയ്ക്കാതെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നത്. റോമിൽ സിംഗ് പോലീസിൻ്റെ വേഷത്തിൽ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്.