Mumbai Children Hostage : വെബ് സീരിസ് ഓഡീഷൻ്റെ പേരിൽ 17 കുട്ടികളെ ബന്ദികളാക്കി; മുംബൈയെ മുൾമുനയിൽ നിർത്തിയ യുവാവിനെ പോലീസ് വധിച്ചു
Mumbai Powai 17 Children Hostage News : മുംബൈയിലെ പവായിൽ ആർഎ സ്റ്റുഡിയോസിൽ രോഹിത് ആര്യ എന്നയാളാണ് കുട്ടികളെ ബന്ദികളാക്കിയത്. എട്ടിനും പതിനാലിനും വയസ് പ്രായമുള്ള കുട്ടികളെയാണ് ബന്ദികളാക്കിയത്.
മുംബൈ : 17 കുട്ടികളെ ബന്ദികളാക്കിയ രോഹിത ആര്യ എന്ന പ്രതിയെ മുംബൈ പോലീസ് വധിച്ചു. മുംബൈ പവായി മേഖലയിൽ പ്രവർത്തിക്കുന്ന ആർഎ സ്റ്റുഡിയോക്കുള്ളിലായിരുന്നു രോഹിത് ആര്യ എട്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള 17 കുട്ടികളെ ബന്ദികളാക്കിയത്. തുടർന്ന് മുംബൈ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷിനിൽ അതിസാഹസികമായി രോഹിത് ആര്യ എന്നയാളെ കീഴ്പ്പെടുത്തി ബന്ദികളായ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതി പോലീസിന് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതർത്തതോടെ പോലീസ് ഒരു റൗണ്ട് വെടിയുതിർത്തു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് പവായി പോലീസ് സ്റ്റേഷന് കുട്ടികളെ ബന്ദികളാക്കിയെന്നുള്ള സന്ദേശം ലഭിക്കുന്നത്. 1.45 ഓടെ പോലീസ് സംഭവ സ്ഥലത്തെത്തി. കുട്ടികളെ വിട്ട് തരാൻ ആവശ്യപ്പെട്ട് പോലീസ് രോഹിത് ആര്യയുമായി സംസാരിച്ചുയെങ്കിലും ആ ശ്രമം വിഫലമായി. കുട്ടികളെ അപായപ്പെടുത്തുമെന്ന് അറിയിച്ചതോടെയാണ് അതിസാഹസികമായി രീതിയിൽ ആക്രമിയെ കീഴ്പ്പെടുത്തി പോലീസ് ബന്ദികളെ മോചിപ്പിച്ചത്.
സംഭവം നടക്കുന്നതിന് മുമ്പ് ആര്യ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. സ്വയം മരിക്കുന്നതിലും ഭേദം കുട്ടികളെ ബന്ദികളാക്കാൻ തീരുമാനമെടുത്തുയെന്നാണ് വീഡിയോയിൽ ആര്യ പറയുന്നത്. തനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നും, അതിന് ഉത്തരം വേണമെന്നുമാണ് വീഡിയോയിൽ പറയുന്നത്. അതേസമയം എന്തെങ്കിലും നീക്കം നടത്തി തന്നെ പ്രകോപിപ്പിച്ചാൽ നിൽക്കുന്ന ഇടം തീവെക്കുമെന്നും അയാൾ ഭീഷിണിപ്പെടുത്തി.
സംഭവ സ്ഥലത്തും പോലീസ് ഒരു എയർ ഗണ്ണും ചില കെമിക്കൽ വസ്തുക്കളും കണ്ടെത്തി. ഒരു വെബ് സീരീസിൻ്റെ ഓഡീഷൻ എന്ന പേരിലാണ് കുട്ടികളെ ഈ സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തിയതെന്ന് പോലീസ് അറിയിച്ചു.