Narasapur–Chennai Vande Bharat: ഇനി ട്രെയിന്‍ മാറിക്കയറേണ്ട! ചെന്നൈ-നരസാപൂര്‍ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ഇന്ന് മുതല്‍; സമയം, റൂട്ട് അറിയാം
Narasapur–Chennai Vande Bharat Train: നരസാപൂര്‍-ചെന്നൈ റൂട്ടില്‍ 655 കിലോമീറ്റര്‍ ദൂരമുണ്ട്. ചൊവ്വാഴ്ചകളൊഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിൻ സര്‍വീസ് നടത്തുന്നുണ്ട്.
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍-വിജയവാഡ വന്ദേ ഭാരത് എക്‌സ്പ്രസ് നരസാപൂര്‍ വരെ ദീര്‍ഘിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30ന് നരസാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കേന്ദ്രസഹമന്ത്രി ഭൂപതിരാജു ശ്രീനിവാസ വര്‍മ്മ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. നരസാപൂരിന് ലഭിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് സര്‍വീസാണിത്. ഇതോടെ രണ്ട് നഗരങ്ങൾ തമ്മിലുള്ള റെയിൽ ബന്ധം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 5:30 ന് ആരംഭിക്കുന്ന സർവീസ് 11.45 ന് വിജയവാഡ റെയിൽവേ സ്റ്റേഷനിൽ എത്തും. ഇവിടെ നിന്ന് 11.50 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10 ന് നരസാപൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തും. തിരിച്ച് 2.50 ന് നരസാപൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11.45 ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തുമെന്ന് റെയിൽവേ അധികൃതർ പറയുന്നത്. ഭീമാവരം, ഗുഡിവാഡ സ്റ്റേഷനുകള്‍ വഴി ഏകദേശം 9 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തും. രേണിഗുണ്ട, നെല്ലൂര്‍, ഓംഗോള്‍, തെനാലി, വിജയവാഡ, ഗുഡിവാഡ, ഭീമാവരം ടൗണ്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുകളുണ്ടാകും.
Also Read:വെറുതെ അടിക്കുന്നതല്ല; ട്രെയിന്റെ ഓരോ ഹോണിനും ഓരോ അര്‍ത്ഥമുണ്ട്
നരസാപൂര്‍-ചെന്നൈ റൂട്ടില്‍ 655 കിലോമീറ്റര്‍ ദൂരമുണ്ട്. ചൊവ്വാഴ്ചകളൊഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിൻ സര്‍വീസ് നടത്തുന്നുണ്ട്. ഇതോടെ തീര്‍ഥാടകര്‍, ബിസിനസ് യാത്രികര്‍, നിത്യയാത്രക്കാര്‍ എന്നിവര്‍ക്ക് പ്രയോജനകരമാകും.20677/20678 എന്ന് നമ്പറിലുള്ള ഈ ട്രെയിനില്‍ ഏഴ് എസി ചെയര്‍ കാര്‍ കോച്ചുകളും ഒരു എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചുമുള്‍പ്പെടെ 530 യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. നിലവിലെ സമയക്രമം അടുത്ത ജനുവരി 11 വരെയും തുടര്‍ന്ന് ജനുവരി 12 മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരുമെന്നും അധികൃതർ പറയുന്നത്.