PM Narendra Modi: ഗംഗ ഒഴുകുന്നത് ബംഗാളിന്റെ ആത്മാവിലൂടെ; ഹൂഗ്ലി നദിയില്‍ മോദിയുടെ ബോട്ട് യാത്ര; വീഡിയോ വൈറല്‍
PM Modi’s Hooghly river visit: ഹൂഗ്ലി നദിയില്‍ ബോട്ട് യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോട്ട് യാത്രയുടെ ഫോട്ടോകളും, വീഡിയോയും നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹൂഗ്ലി പശ്ചിമ ബംഗാളിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊല്‍ക്കത്ത 25-04-2026: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ, ഹൂഗ്ലി നദിയില്‍ ബോട്ട് യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോട്ട് യാത്രയുടെ ഫോട്ടോകളും, വീഡിയോയും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹൂഗ്ലി പശ്ചിമ ബംഗാളിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ബംഗാളിയുടെയും ജീവിതത്തില്‍ ഗംഗയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിന്റെ ആത്മാവിലൂടെയാണ് ഗംഗ ഒഴുകുന്നതെന്ന് പറയാം. ആ ദിവ്യജലം ഒരു മുഴുവൻ നാഗരികതയുടെയും കാലാതീതമായ ചൈതന്യം വഹിക്കുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മോദി വ്യക്തമാക്കി. ഹൂഗ്ലി നദിയുടെ തീരത്ത് കുറച്ചു സമയം ചെലവഴിച്ചു. ഗംഗാ മാതാവിനോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കഠിനാധ്വാനികളായ തോണിക്കാരെ കണ്ടു. അവരുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. പശ്ചിമ ബംഗാളിന്റെ വികസനത്തിനും ബംഗാളി ജനതയുടെ അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഹൂഗ്ലിയിൽ ഹൂഗ്ലിയില്‍ ആവര്‍ത്തിച്ച് പറഞ്ഞെന്നും പ്രധാനമന്ത്രി കുറിച്ചു. ഹൂഗ്ലി സന്ദര്‍ശന വേളയില്‍ തോണിക്കാരുമായും, പ്രഭാത നടത്തത്തിന് ഇറങ്ങിയവരുമായും മോദി സംവദിച്ചു.
മോദി പങ്കുവെച്ച വീഡിയോ
Special moments on the Hooghly… an unforgettable Kolkata morning. pic.twitter.com/eNHu3QfALK
— Narendra Modi (@narendramodi) April 24, 2026
കാമറയുമായി പ്രധാനമന്ത്രി
മറ്റൊരു പോസ്റ്റിൽ, പ്രധാനമന്ത്രി ഹൂഗ്ലി സന്ദര്‍ശനത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡ് ഷോയുടെ ഭാഗമായി ഹൗറ പാലത്തിലൂടെ പോകാനായി. ഇന്ന് ഹൂഗ്ലി നദിയില്‍ നിന്ന് ഹൗറ പാലം കാണാനായി. ഹൂഗ്ലിയിലെ പ്രഭാതം വളരെ പ്രത്യേകത നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ കൈയ്യില്‍ കാമറയുമുണ്ടായിരുന്നു. ഹൂഗ്ലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
തൃണമൂലിന് രൂക്ഷവിമര്‍ശനം
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. ആര്‍ജി കര്‍ കേസിലാണ് മോദി രൂക്ഷവിമര്‍ശനം നടത്തിയത്. ആ പെണ്‍കുട്ടിയെ ഡോക്ടറാക്കാനായിരുന്നു അവരുടെ അമ്മ ആഗ്രഹിച്ചത്. എന്നാല്‍ ടിഎംസിയുടെ ‘ജംഗിള്‍രാജ്’ മൂലം അവര്‍ക്ക് മകളെ നഷ്ടമായെന്നും മോദി പറഞ്ഞു. ഡം ഡമിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആര്‍ജി കര്‍ കേസ് മോദി പരാമര്‍ശിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവും പരിപാടിയില്‍ പങ്കെടുത്തു.
സ്ത്രീകളെ സംരക്ഷിക്കുന്നതിൽ ടിഎംസി പരാജയപ്പെട്ടുവെന്നും നീതിക്കായുള്ള അവരുടെ ആവശ്യങ്ങൾ നിശബ്ദമാക്കുകയായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. അമ്മ മകളെ ഡോക്ടറാക്കാൻ സഹായിച്ചു. പക്ഷേ, ആ മകളെ ടിഎംസി അവരിൽ നിന്ന് കൊണ്ടുപോയി. ആ അമ്മയെ തങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ജി കര്‍ കേസ്
2024 ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍ജി കര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ 31 വയസ്സുള്ള ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് കൊല്‍ക്കത്ത പൊലീസിലെ സിവില്‍ വളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായി. ഇയാളെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആര്‍ജി കര്‍ കേസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കി.