Narendra Modi: തട്ടകം പുതുക്കി പ്രധാനമന്ത്രി; ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ജോയിൻ ചെയ്ത് നരേന്ദ്രമോദി
Narendra Modi Joins Truth Social: ട്രൂത്ത് സോഷ്യലിൽ അക്കൗണ്ട് ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്രൂത്ത് സോഷ്യൽ.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ജോയിൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈയിടെ നടത്തിയ
അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശസ്ത കമ്പ്യൂട്ടർ സയൻ്റിസ് ലെക്സ് ഫ്രീഡ്മാൻ്റെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു.
“ട്രൂത്ത് സോഷ്യലിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ആവേശം നിറഞ്ഞ ആളുകളുമായി ഇടപഴകാനും ആഴമേറിയ സംഭാഷണങ്ങളിൽ ഏർപ്പെടാനുമുള്ള അവസരങ്ങൾക്കായി കാത്തിരിക്കുന്നു.”- ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റായി മോദി കുറിച്ചു. വിദ്വേഷം പ്രചരിപ്പിച്ചതിനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും ഫേസ്ബുക്ക്, എക്സ് പോലുള്ള സൈറ്റുകളിൽ നിന്ന് ബാൻ ചെയ്തതോടെ 2022ലാണ് ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന പേരിൽ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സ്ഥാപിച്ചത്.
ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ പല കാര്യങ്ങളും വാർത്തയായിരുന്നു. ഇന്ത്യ ഗൗതമബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും നാടായതിനാൽ സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റ് റിലീസായത്.
“നമ്മൾ ഇന്ത്യക്കാർ സമാധാനത്തെപ്പറ്റി സംസാരിക്കുമ്പോൾ ലോകം അത് കേൾക്കും. കാരണം ഗൗതമ ബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും നാടാണിത്. ലോകനേതാക്കളുമായി ഞാൻ ഹസ്തദാനം ചെയ്യുമ്പോൾ അത് ചെയ്യുന്നത് മോദിയല്ല, ഇന്ത്യക്കാരാണ്. എൻ്റെ ശക്തി എൻ്റെ പേരിലല്ല, രാജ്യത്തെ എല്ലാ മനുഷ്യരിലും രാജ്യത്തിൻ്റെ സംസ്കാരത്തിലും പാരമ്പര്യത്തിലുമാണുള്ളത്. വിമർശനങ്ങളെ ഞാൻ എപ്പോഴും സ്വാഗതം ചെയ്യുന്നു. അതാണ് ജനാധിപത്യത്തിൻ്റെ ആത്മാവ്.”- മോദി പറഞ്ഞു.
റിസർച്ച് സയൻ്റിസ്റ്റായ ലെക്സ് ഫ്രിഡ്മാൻ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റായ ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റിൽ വളരെ പ്രശസ്തമാണ്. ലോകനേതാക്കൾ, ചിന്തകർ, അതാത് മേഖലകളിലെ വിദഗ്ദർ എന്നിങ്ങനെ പലരും പോഡ്കാസ്റ്റിൽ വന്ന് സംസാരിക്കാറുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സ്പേസ്എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്ക്, മെറ്റ മേഥാവി മാർക്ക് സക്കർബർഗ് തുടങ്ങിയവരൊക്കെ ലെക്സ് ഫ്രിഡ്മാൻ പോഡ്കാസ്റ്റിൽ നേരത്തെ എത്തിയിട്ടുണ്ട്.