National strike : മാറ്റിവച്ച ദേശീയ പണിമുടക്ക് ജൂലൈ 9 ന്, പ്രധാന ആവശ്യങ്ങൾ ഇവയെല്ലാം
Nationwide General Strike on July 9: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനും എതിരെയാണ് ഈ പണിമുടക്ക് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: സി ഐ ടി യു ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 9 ദേശീയ പൊതു പണിമുടക്ക് നടത്തുന്നു. ഇന്ത്യൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൊതു പണിമുടക്ക് ആക്കി ഇതിനെ മാറ്റാനാണ് യൂണിയനുകൾ ലക്ഷ്യമിടുന്നത് എന്നാണ് വിവരം.
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനും എതിരെയാണ് ഈ പണിമുടക്ക് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മെയ് 20 നാണ് നേരത്തെ പണിമുടക്ക് നിശ്ചയിച്ചിരുന്നത് എങ്കിലും ചില സാഹചര്യങ്ങൾ കണക്കിലെടുത്ത് അത് മാറ്റി വയ്ക്കുകയും ജൂലൈ 9 ന് നടത്താൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
പ്രധാന ആവശ്യങ്ങൾ
- പുതിയ ലേബർ കോഡുകൾ പിൻവലിക്കുക
- മിനിമം വേതനം വർദ്ധിപ്പിക്കുക
- തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക
- പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക
- കമ്പനികൾക്ക് അനുകൂലമായി ലേബർ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾക്കെതിരെ ശബ്ദമുയർത്തുക..
ആരെല്ലാം അണിചേരും
വ്യാവസായിക തൊഴിലാളികൾക്ക് പുറമെ കർഷകർ, കർഷക തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ആശാ വർക്കർമാർ, ഹോസ്റ്റൽ ജീവനക്കാർ, തുടങ്ങി വിവിധ മേഖലയിലുള്ള തൊഴിലാളികളോട് പണിമുടക്കിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.