NEET UG Paper Leak: ചോദ്യം തയാറാക്കിയ അധ്യാപിക തന്നെ ചോർത്തി!; നീറ്റ് പേപ്പർ ചോർച്ചയിൽ വീണ്ടും ഞെട്ടിക്കുന്ന അറസ്റ്റ്
NEET Biology Question Paper Leak: ബോട്ടണി അധ്യാപികയായ മനീഷയെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പൂനെയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴിയാണ് മനീഷ ഗുരുനാഥ നീറ്റ് ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെടുകയും വീട്ടിൽ വെച്ച് അവർക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തതായാണ് വിവരം. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പതായി.

അറസ്റ്റിലായ മനീഷ ഗുരുനാഥ
മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും അറസ്റ്റ്. പരീക്ഷ പേപ്പർ തയാറാക്കാൻ നിയോഗിച്ച പൂനെ സ്വദേശിയായ ബയോളജി അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. മനീഷ ഗുരുനാഥയെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യപ്പേർ പരിഭാഷപ്പെടുത്തിയ അധ്യാപകരിലേക്കും സിബിഐ അന്വേഷണം നീളവെയാണ് അധ്യാപികയുടെ അറസ്റ്റ്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒമ്പതായി.
ബോട്ടണി അധ്യാപികയായ മനീഷയെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ പൂനെയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ വഴിയാണ് മനീഷ ഗുരുനാഥ നീറ്റ് ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെടുകയും വീട്ടിൽ വെച്ച് അവർക്ക് പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തതായാണ് വിവരം. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെയുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരായ നിലപാട് ശക്തമാക്കിയിരിക്കുകയാണ്.
ALSO READ: കേരളത്തിലെ വിദ്യാർത്ഥികൾക്കും നീറ്റ് ചോദ്യപേപ്പർ ലഭിച്ചോ?; സിബിഐ അന്വേഷണം സംസ്ഥാനത്തേക്ക്
വിദ്യാർത്ഥികളെ മരണത്തിന് കാരണം സർക്കാരെന്ന തരത്തിലാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. രാജ്യത്തിന് ആകെ നാണക്കേടുണ്ടാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിഷേധമാണ് കേന്ദ്ര സർക്കാരിനെതിരെ ഉയരുന്നത്. ചോദ്യപേപ്പർ തയ്യാറാക്കാൻ ദേശീയ പരീക്ഷ ഏജൻസി നിയോഗിച്ച പാനലിലെ രസതന്ത്ര അധ്യാപകൻ പി വി കുൽക്കർണി ഇന്നലെ പൂനെയിൽ നിന്ന് പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിച്ച അധ്യാപികയും പിടിയിലായിരിക്കുന്നത്.
സുവോളജി, ബോട്ടണി പേപ്പറുകൾ തയ്യാറാക്കിയ സംഘത്തിലെ അംഗമാണ് മനീഷ ഗുരുനാഥ അധ്യാപിക. പൂനെയിലും നാസിക്കിലുമായി നേരത്തെ അറസ്റ്റിലായ പ്രതികൾക്ക് ഇവർ തന്നെയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നാണ് വിവരം. പാനലിലുള്ള അധ്യാപകരുടെ അറസ്റ്റ് എൻടിഎയുടെ സംവിധാനങ്ങളെ ചോദ്യമുനയിൽ നിർത്തിയിരിക്കുയാണ്. അധ്യാപകരുടെ അറസ്റ്റിന് പിന്നാലെ എൻടിഎയിലെ ചില ഉന്നതരിലേക്കും അന്വേഷണം നീളുകയാണ്. കേരളം അടക്കം മറ്റ് ഏഴ് സംസ്ഥാനങ്ങളിലേക്കും ചോർന്ന ചോദ്യപ്പേപ്പർ എത്തിയതായാണ് സംശയം.
ചില കോച്ചിംഗ് സെൻററുകളും സിബിഐയുടെ ലിസ്റ്റിലുണ്ട്. കേരളത്തിൽ പത്തനംതിട്ടയിൽ ചില കേന്ദ്രങ്ങളിലും സംസ്ഥാന ഇൻ്റലജൻസിൻറെ അടക്കം പരിശോധന നടന്നുവരികയാണ്. രാജസ്ഥാനിലെ സിക്കറിൽ നീറ്റ് എഴുതിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് കാരണം പരീക്ഷ റദ്ദാക്കിയതിലള്ള മനോവിഷമം ആണെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. നീറ്റ് പരീക്ഷ എഴുതിയ പ്രദീപ് മേഘ് വാൾ ആണ് ജീവനൊടുക്കിയത്.
നീറ്റ് യുജി പരീക്ഷ ജൂൺ 21ന്
രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 21ന് നടക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്. പുതുക്കിയ പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ജൂൺ 14 മുതൽ നൽകി തുടങ്ങും. മെയ് മൂന്നിന് നടത്തിയ പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്. സംഭവത്തിൽ സിബിഐ ഊർജ്ജിതമായി അന്വേഷണം നടന്നുവരികയാണ്.
പുനഃപരീക്ഷ നടത്താൻ വിജ്ഞാപം പുറപ്പെടുവിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരത്തെ അറിയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകുമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു.
English Summary:
A Botany teacher from Pune has been arrested in the case of the NEET-UG Biology paper leak, the Central Bureau of Investigation (CBI) said today, taking the total number of arrested suspects to nine.