Traffic Restrictions: വെട്ടുകാട് തിരുനാൾ; തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Traffic Restrictions in Thiruvananthapuram: ഇന്നും നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. വിവിധ റോഡുകളിൽ വാഹനം പാർക്ക് ചെയ്യാൻ പാടുള്ളതല്ല. പ്രദക്ഷണം നടക്കുന്ന സമയത്ത്, വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതാണ്. നവംബർ 21, ശനി വൈകിട്ട് 4 മണി മുതൽ രാത്രി 10 മണി വരെയാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. വിവിധ റോഡുകളിൽ വാഹനം പാർക്ക് ചെയ്യാൻ പാടുള്ളതല്ല. പ്രദക്ഷണം നടക്കുന്ന സമയത്ത്, വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതാണ്. നവംബർ 21, 22 തീയതികളിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങള്‍ അറിയാം….
ഗതാഗത ക്രമീകരണങ്ങള്‍
- നവംബർ 21, ശനി വൈകിട്ട് 4 മണി മുതൽ രാത്രി 10 മണി വരെയാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
- നവംബർ 22, ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയും ഗതാഗത ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- ശംഖുമുഖം – കൊച്ചുവേളി റോഡിലും വെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് റോഡ് – ബാലനഗർ റോഡ്, വെട്ടുകാട് എൽ. പി സ്കൂൾ റോഡ് എന്നീ റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല.
- അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
- പ്രദക്ഷണം നടക്കുന്ന സമയത്ത് ശംഖുമുഖം കൊച്ചുവേളി റോഡിൽ കൂടിയുള്ള വാഹന ഗതാഗതം വഴിതിരിച്ച് വിടുന്നതാണ്.
- ഗതാഗത ക്രമീകരണങ്ങളും വിവരങ്ങൾ അറിയാൻ. 0471-2558731, 9497990005 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
വെട്ടുകാട് തിരുനാൾ
തിരുവനന്തപുരം നഗരത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ എല്ലാ വർഷവും ആഘോഷിക്കുന്ന ക്രിസ്തുരാജത്വ തിരുനാളാണ് ‘വെട്ടുകാട് തിരുനാൾ’ എന്നറിയപ്പെടുന്നത്. 2026-ലെ വെട്ടുകാട് തിരുനാൾ നവംബർ 13-ന് കൊടിയേറി നവംബർ 22-ന് ഞായറാഴ്ച സമാപിക്കും. ലത്തീൻ ആരാധനാ ക്രമവർഷത്തിലെ അവസാന ഞായറാഴ്ചയാണ് ക്രിസ്തുരാജന്റെ രാജത്വത്തിരുനാൾ ആഘോഷിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ തിരുനാളിൽ ജാതിമതഭേദമന്യേ ലക്ഷക്കണക്കിന് വിശ്വാസികളാണ് വെട്ടുകാട് എത്തുന്നത്.
ALSO READ: ശബരിമലയിൽ ഇന്ന് മഴയോ? ഈ ജില്ലക്കാർ കുട കരുതണേ… കാലാവസ്ഥ പ്രവചനം
സമയക്രമങ്ങൾ
വൈകീട്ട് അഞ്ചരയ്ക്ക് നെയ്യാറ്റിൻകര രൂപത എപ്പിസ്കോപ്പൽ വികാരി വെരി റവ. മോൺ. വിൻസെന്റ് കെ. പീറ്ററിന്റെ മുഖ്യകാർമികത്വത്തിൽ സന്ധ്യാവന്ദന പ്രാർത്ഥന നടക്കും. റവ. ഫാ. ലോറൻസ് കുലാസ് വചനപ്രഘോഷണം നടത്തും. പ്രാർത്ഥനയ്ക്ക് ശേഷം തിരുനാൾ പ്രദക്ഷിണത്തിന് തുടക്കമാകും.
ക്രിസ്തുരാജന്റെ തിരുസ്വരൂപം പ്രത്യേകം അലങ്കരിച്ച തേരിലേറി, ചെറുവെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രദക്ഷണം ദേവാലയത്തിൽ തിരികെയെത്തും. പ്രദക്ഷിണം കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലും ക്രിസ്തുരാജന്റെ തിരുസ്വരൂപം ദർശിക്കാനും പ്രാർത്ഥനകൾ അർപ്പിക്കാനും വിശ്വാസികൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൊന്തിഫിക്കൽ സമൂഹ ദിവ്യബലി നവംബർ 22 ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് നടത്തപ്പെടും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ ഈ വർഷത്തെ തിരുനാളിന് സമാപനമാകും. തിരുനാളിന്റെ ഔദ്യോഗിക സമാപനമായ കൊടിയിറക്കം നവംബർ 27 വെള്ളിയാഴ്ചയാണ്.
English Summary:
The City Police have announced traffic restrictions in Thiruvananthapuram on November 21 and 22 in connection with the annual feast at Madre de Deus Church in Vettucaud. Parking will be prohibited on several roads around the church.