AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

MT Settebello Attack: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു

Three Indian Sailors Killed in Oman Coast Attack: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. ഒമാൻ തീരത്ത് ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്.

MT Settebello Attack: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു
MT SettebelloImage Credit source: x.com/FSUIINDIA
Jayadevan AM
Jayadevan AM | Updated On: 11 Jun 2026 | 01:04 PM

ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. ഒമാൻ തീരത്ത് ‘സെറ്റെബെല്ലോ’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. കപ്പലില്‍ 24 ഇന്ത്യൻ പൗരന്മാരും രണ്ട് പാകിസ്ഥാനികളും ഒരു ഉക്രേനിയക്കാരനും ഒരു റഷ്യക്കാരനും ഉൾപ്പെടെ ആകെ 28 പേരുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ ഇതുവരെ രക്ഷപ്പെടുത്തി. മറ്റ് മൂന്നു പേരെ കാണാതായിരുന്നു. ഡെക്ക് കാഡറ്റ് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്‌നാല സുരേഷ് എന്നിവരെയാണ് കാണാതായത്.

കാണാതായ മൂന്നു പേരും മരിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. ഇത് വലിയ നഷ്ടമാണ്. മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പം സര്‍ക്കാരുണ്ടാകുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. രക്ഷപ്പെട്ടവരെ ഉടന്‍ നാട്ടിലെത്തിക്കും. മൂന്നു പേരുടെയും മൃതദേഹങ്ങളും ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

“പലാവു പതാകയേന്തിയ ‘എംടി സെറ്റെബെല്ലോ’ കപ്പലിലുണ്ടായ ദാരുണമായ അപകടവിവരമറിഞ്ഞതിൽ അങ്ങേയറ്റം ദുഃഖമുണ്ട്. കാണാതായതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് ഇന്ത്യൻ നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അവരുടെ മരണം അതീവ സങ്കടകരമാണ്.

ഇത് നികത്താനാവാത്ത നഷ്ടമാണ്. ഈ കഠിനമായ സാഹചര്യത്തിൽ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം മോദി സർക്കാർ ദൃഢമായി നിലകൊള്ളുന്നു. കൂടാതെ മരണപ്പെട്ടവരുടെ ആശ്രിതർക്ക് എല്ലാവിധ പിന്തുണയും നൽകാൻ പൂർണ്ണമായി പ്രതിജ്ഞാബദ്ധരുമാണ്.

രക്ഷപെടുത്തിയ ജീവനക്കാരെ ഉടനടി നാട്ടിലെത്തിക്കാനും, മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ അന്ത്യകർമ്മങ്ങൾക്കായി എത്രയും വേഗം തിരികെ എത്തിക്കാനും ഞാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്”-മന്ത്രി എക്‌സില്‍ കുറിച്ചു.

മന്ത്രിയുടെ ട്വീറ്റ്‌

കപ്പലിലെ ശേഷിക്കുന്ന നാവികരുമായി സ്ഥിരമായ നെറ്റ്‌വർക്ക് ബന്ധം സ്ഥാപിക്കുന്നതിൽ കപ്പലിന്റെ മാനേജ്‌മെന്റ് കമ്പനിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാവിക ഉപരോധം ലംഘിച്ചതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നായിരുന്നു യുഎസ് സെൻട്രൽ കമാൻഡിന്റെ ന്യായീകരണം.

Also Read: Iran closes Strait of Hormuz: ഹോര്‍മൂസ് കടലിടുക്കിന് ‘പൂട്ടിട്ട്’ ഇറാന്‍; വിലക്ക് ലംഘിക്കുന്ന കപ്പലുകളെ വെടിവെയ്ക്കും

ഇന്ത്യ അപലപിച്ചു

ആക്രമണത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം അപലപിച്ചു. യുഎസ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കയുടെ ചാർജ് ഡി അഫയേഴ്സ് (താത്കാലിക നയതന്ത്ര പ്രതിനിധി) ജേസൺ മീക്സിനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.

ഒമാനിലെ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. മേഖലയിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.

ഉഭയകക്ഷി ചർച്ചകൾ വഴി എത്രയും വേഗം നയതന്ത്ര പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

English Summary

Three Indian sailors were killed in an attack near the Oman coast. Union Minister Sarbananda Sonowal confirmed the tragic casualties. The incident has triggered massive security concerns for global shipping lanes. The Indian government is actively monitoring the safety of other stranded seafarers.

Follow Us