Tamil Nadu: ഓടുന്ന ബസിൽ നിന്ന് ഒരു വയസ്സുള്ള കുഞ്ഞ് വീണു, സംഭവം തമിഴ്നാട്ടിൽ
Child Falls From Moving Bus: ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ടുകളൊന്നുമില്ല. അന്വേഷണമോ പരിശോധനയോ നടത്തുന്ന കാര്യത്തിലും അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിന് സമീപം ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് വീണ് ഒരു വയസുള്ള കുഞ്ഞിന് പരിക്ക്. മീനാക്ഷിപുരം ജംഗ്ഷന് സമീപം ഡ്രൈവർ സഡൻ ബ്രേക്ക് പിടിച്ചപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി മുൻവശത്തെ പടികൾ തെന്നി പുറത്തേക്ക് വീഴുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ബസിന്റെ പടിക്കെട്ടിനടുത്തുള്ള ഭാഗത്താണ് കുഞ്ഞിനെയും കൊണ്ട് അമ്മ ഇരുന്നത്. രാവിലെ 8:30 ഓടെ, ബസ് മീനാക്ഷിപുരം സിഗ്നലിനടുത്തെത്തിയപ്പോൾ, ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചു. പെട്ടെന്നുള്ള ആഘാതത്തിൽ, കുട്ടി അമ്മയുടെ കൈകളിൽ നിന്ന് വഴുതി തുറന്ന് കിടന്നിരുന്ന മുൻവശത്തെ ഡോറിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു.
കുട്ടി ചെറിയ പരിക്കുകളോടെ വീഴ്ചയിൽ നിന്ന് രക്ഷപ്പെട്ടതായും നിലവിൽ മെഡിക്കൽ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് തമിഴിന്റെ റിപ്പോർട്ട് അനുസരിച്ച് , അതേ ബസിൽ, ആ സമയത്ത് തന്റെ സഹോദരിയുടെ രണ്ട് വയസ്സുള്ള കുട്ടിയെ പിടിച്ചുകൊണ്ടിരുന്ന മദൻകുമാറിനും പെട്ടെന്നുള്ള ബ്രേക്കിൽ ബാലൻസ് നഷ്ടപ്പെട്ട് കുട്ടിയുമായി ബസിനുള്ളിൽ വീഴുകയും കുഞ്ഞിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മദൻകുമാറിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വിഡിയോ:
ஸ்ரீவில்லிபுத்தூர் பஸ்ஸில் சடன் பிரேக் போட்ட டிரைவர்.
பேருந்தில் இருந்து சாலையில் தவறி விழுந்த குழந்தை பகீர் காட்சி..
லேசான காயத்துடன் குழந்தை உயிர் தப்பியது pic.twitter.com/zVMAiHC2FW
— Kᴀʙᴇᴇʀ – தக்கலை கபீர் (@Autokabeer) August 1, 2025
അതേസമയം അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ടുകളൊന്നുമില്ല. അന്വേഷണമോ പരിശോധനയോ നടത്തുന്ന കാര്യത്തിലും അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.