Chhattisgarh Nuns Case : ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം
Chhattisgarh Nuns Case Bail : ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം ലഭിക്കുന്നത്. എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്
റായ്പൂർ : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രിമാർക്ക് ജാമ്യം ലഭിച്ചു. രണ്ട് കന്യാസ്ത്രീമാരും ഒരു ആദിവാസി യുവാവും ഉൾപ്പെടെ മൂന്ന് പേർക്കാണ് ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം കന്യാസ്ത്രീമാർ ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങും.
കണ്ണൂർ തലശ്ശേരി ഉദയഗിരി സ്വദേശിനി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ സ്വദേശിനി സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം.
എന്നാൽ കടുത്ത നിബന്ധനകൾ ഒന്നുമില്ലാതെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദനയും, സിസ്റ്റർ പ്രീതി മേരിയും.