Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; വ്യോമ ഗതാഗതം താറുമാറിൽ, ഉത്തരേന്ത്യയിൽ അടച്ചത് 9 വിമാനത്താവളങ്ങൾ
Operation Sindoor Airport Closed: ഉത്തരേന്ത്യയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ളവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഉത്തരേന്ത്യയിലെ ശ്രീനഗർ, അമൃത്സർ ഉൾപ്പെടെയുള്ള ഒമ്പത് വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചത്. അമൃത്സർ വിമാനത്താവളം മെയ് 10 വരെ എല്ലാ വിമാന സർവീസുകൾക്കും താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി അധികൃതർ അറിയിച്ചു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായാണ് നടപടി.
ഉത്തരേന്ത്യയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ളവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ഇൻഡിഗോ ഏകദേശം 160 ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ, അലയൻസ് എയർ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ എന്നിവയും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതരായ യാത്രക്കാർക്ക് റീഫണ്ടിങ്ങും മറ്റ് പുനഃക്രമീകരണ ഓപ്ഷനുകളും വിമാന കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
സുരക്ഷ മുന്നിൽ കണ്ട് ധരംശാല (DHM), ലേ (IXL), ജമ്മു (IXJ), ശ്രീനഗർ (SXR), അമൃത്‌സർ (ATQ), ജോധ്പൂർ (JDR), ജാംനഗർ (JGA), ചണ്ഡിഗഡ് (IXC,), ഡൽഹി (DEL), ഭുജ് (BHJ), രാജ്‌കോട്ട് (രാജ്) തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കച്ച് ജില്ലയിലാണ് ഭുജ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളം മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് രാജ്കോട്ട് ജില്ലാ കളക്ടർ പ്രഭാവ് ജോഷി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഡ്, ധർമ്മശാല, ജോധ്പൂർ, ബിക്കാനീർ തുടങ്ങിയ ഉയർന്ന ജാഗ്രതാ മേഖലകളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും ഉൾപ്പെടെ 160 ഓളം ആഭ്യന്തര വിമാന സർവീസുകളാണ് സുരക്ഷയെ മുൻനിർത്തി റദ്ദാക്കിയിരിക്കുന്നത്.
ഗ്വാളിയോറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും സംഘർഷം ബാധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് വിമാന ഷെഡ്യൂളുകളിൽ മാറ്റങ്ങൾ വന്നതായും എയർലൈൻ കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വെബ്സൈറ്റുകളിലെ അപ്‌ഡേറ്റുകൾ കൃത്യമായി പരിശോധിക്കണമെന്നും അവർ അറിയിച്ചു.