Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; ‘ഇത് അഭിമാന നിമിഷം, പാക്കിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടി’; സേനയെ അഭിനന്ദിച്ച് മോദി
Prime Minister Narendra Modi on Operation Sindoor: നിലവിൽ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി, ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അദ്ദേഹം രാഷ്ട്രപതിയോട് വിശദീകരിക്കും.
ഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ വിജകരമായി നടപ്പാക്കിയ സൈന്യത്തെ അഭിനന്ദിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. ഇത് അഭിമാന നിമിഷമെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം സേനയെ അഭിനന്ദിച്ചത്. അതേസമയം, ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പാർലമെൻ്റിൽ യോഗം നടക്കുമെന്നാണ് റിപ്പോർട്ട്.
ആസൂത്രണം ചെയ്തതുപോലെ വിജയകരമായി പ്രത്യാക്രമണം നടത്താൻ സൈന്യത്തിന് കഴിഞ്ഞുവെന്നും പദ്ധതി നടപ്പാക്കിയതില്‍ ഒരു പിഴവും സംഭവിച്ചില്ലെന്നും പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യം മുഴുവൻ നരേന്ദ്രമോദിക്കും സൈനിക സംവിധാനത്തിനും ഒപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രിമാര്‍ അറിയിച്ചു. യോഗത്തിന് പിന്നാലെ രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട്, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങളും, നിലവിലെ സ്ഥിതിഗതികളും വിശദീകരിച്ചു.
അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവിമാര്‍ എന്നിവരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികൾ വിലയിരുത്തി. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ സുരക്ഷ ശക്തമാക്കല്‍ ഉൾപ്പടെ ചര്‍ച്ച ചെയ്തു. രാജ്യത്തെ ആഭ്യന്തര സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത അമിത് ഷാ സുരക്ഷാ സേനകളോട് കര്‍ശന ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടു.
ALSO READ: 25 മിനിറ്റില്‍ 70 ഭീകരരെ വധിച്ച് ഇന്ത്യ; മസൂദ് അസറിന്റെ അടിവേരുള്‍പ്പെടെ തകര്‍ന്നതായി റിപ്പോര്‍ട്ട്
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് കോംപ്ലക്സിലെ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലെ കമ്മിറ്റി റൂമിൽ വെച്ച് മെയ് 8 ന് രാവിലെ 11 മണിക്കാണ് സര്‍വകക്ഷിയോഗം നടക്കുക.