കേന്ദ്രമന്ത്രിമാർക്ക് പുതിയ ദൗത്യം; താഴെത്തട്ടിൽ സജീവമാകാൻ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
Modi Cabinet Chintan Shivir: ജനക്ഷേമ പദ്ധതികൾ 100 ശതമാനം ഗുണഭോക്താക്കളിലേക്കും എത്തിക്കുന്നത് ഉറപ്പാക്കുന്നതിനെക്കുറിച്ചും ജനങ്ങളുമായി ഫലപ്രദമായി സംവദിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. തുടർച്ചയായ രണ്ടാം ദിവസവും മന്ത്രിമാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗം ചേർന്നത്. മന്ത്രിമാർ താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുന്നെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി.
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും താഴെത്തട്ടിൽ സജീവമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന രണ്ടു ദിവസത്തെ ഉന്നതതല ‘ചിന്തൻ ശിബിരത്തിൽ’ നിർദേശം. ജനക്ഷേമ പദ്ധതികൾ 100 ശതമാനം ഗുണഭോക്താക്കളിലേക്കും എത്തിക്കുന്നത് ഉറപ്പാക്കുന്നതിനെക്കുറിച്ചും ജനങ്ങളുമായി ഫലപ്രദമായി സംവദിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. തുടർച്ചയായ രണ്ടാം ദിവസവും മന്ത്രിമാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരുമായി വെവ്വേറെ സംവദിക്കുകയും പിന്നീട് എല്ലാവരെയും ഒരുമിച്ച് അഭിസംബോധന ചെയ്യുകയും ചെയ്തു.
നിലവിൽ 40 മുതൽ 45 വരെ പ്രധാന ക്ഷേമപദ്ധതികളാണ് സർക്കാരിനുള്ളത്. ഇവയെല്ലാം അർഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും പൂർണ്ണമായി എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലായിരുന്നു യോഗത്തിന്റെ പ്രധാന ഊന്നൽ. ജനക്ഷേമത്തിനായി കൈക്കൊണ്ട നടപടികളെയും വികസന പ്രവർത്തനങ്ങളെയും കുറിച്ച് പൗരന്മാരുമായി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആശയവിനിമയം നടത്തുന്നതിനെക്കുറിച്ചും ചിന്തൻ ശിബിരത്തിൽ ചർച്ചകൾ നടന്നു.
താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കണം
മന്ത്രിമാർ താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുന്നെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. പദ്ധതികളെക്കുറിച്ച് മന്ത്രിമാർ വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും അവയുടെ ആനുകൂല്യങ്ങൾ അർഹരായ എല്ലാവരിലും എത്തുന്നെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച നടന്ന യോഗത്തിന്റെ ആദ്യ ദിനത്തിൽ ഭരണനിർവ്വഹണം, പരിഷ്കാരങ്ങൾ, വനിതകളിലേക്കും യുവാക്കളിലേക്കുമുള്ള ക്ഷേമ-വികസന പദ്ധതികളുടെ വ്യാപ്തി എന്നിവയടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. രണ്ടു ദിവസത്തെ യോഗത്തിൽ, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
വിവിധ വിഷയങ്ങളിൽ മന്ത്രിമാരിൽ നിന്ന് പ്രധാനമന്ത്രി പ്രതികരണം തേടി. ഭരണനിർവ്വഹണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് അവർക്ക് ആവശ്യമായ ഉപദേശങ്ങളും നൽകി. സുതാര്യമായ ഭരണം, പരിഷ്കാരങ്ങൾ, വനിതാ-യുവജന പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് യോഗം പ്രാധാന്യം നൽകി.
കാര്യക്ഷമത വിലയിരുത്തൽ, ഏകോപനം മെച്ചപ്പെടുത്തൽ, ഭാവി അജണ്ടകൾ തയ്യാറാക്കൽ, പ്ലാനിംഗ്, നിലവിലുള്ള ക്ഷേമപദ്ധതികളുടെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും അവലോകനം എന്നിവയ്ക്കാണ് ഈ രണ്ടു ദിവസത്തെ യോഗം വിളിച്ചുചേർത്തത്.
‘വികസിത് ഭാരത്’ മിഷന്റെ പുരോഗതി വിലയിരുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചിന്തൻ ശിബിരത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകൾ തുടരും. സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ കൂടുതൽ സെഷനുകൾ നടന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
English Summary
Prime Minister Narendra Modi chaired a two-day ‘Chintan Shivir’ with his Council of Ministers. Ministers were instructed to stay active on the ground to serve the public. The meeting focused on ensuring 100 percent reach of all government welfare schemes. Discussions also emphasized improving governance, communication, and departmental coordination for ‘Viksit Bharat’.