Narendra Modi: ബ്രസീല്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കി, നമീബിയയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി
Narendra Modi leaves for Namibia: ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിനിധി തല ചർച്ചകൾ നടക്കും. സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുകയാകും ഒരു ലക്ഷ്യം. ഊർജ്ജ സുരക്ഷ, ആരോഗ്യം, ഔഷധ മേഖല തുടങ്ങിയ വിവിധ നിർണായക മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനുള്ള നിരവധി ധാരണാപത്രങ്ങൾ ഇരു രാജ്യങ്ങളും ഒപ്പിടുമെന്ന് കരുതുന്നു

നരേന്ദ്ര മോദി
അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള വിദേശ പര്യടനത്തിലെ അവസാന രാജ്യമായ നമീബിയയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി നമീബിയയിലേക്ക് പോയത്. നമീബിയയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. നമീബിയന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അഞ്ച് രാഷ്ട്ര പര്യടനത്തില്‍ ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഘാന, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചിരുന്നു. നമീബിയന്‍ പ്രസിഡന്റുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഘാനയില്‍ നടത്തിയതുപോലെ നമീബിയന്‍ പാര്‍ലമെന്റിലും അദ്ദേഹം പ്രസംഗിക്കും.
നമീബിയയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ഡോ. സാം നുജോമയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിക്കും. നമീബിയയുമായുള്ള ഇന്ത്യയുടെ ബഹുമുഖവും ആഴത്തിലുള്ളതുമായ ചരിത്ര ബന്ധത്തിന്റെ ആവർത്തനമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിനിധി തല ചർച്ചകൾ നടക്കും. സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുകയാകും ഒരു ലക്ഷ്യം. ഊർജ്ജ സുരക്ഷ, ആരോഗ്യം, ഔഷധ മേഖല തുടങ്ങിയ വിവിധ നിർണായക മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനുള്ള നിരവധി ധാരണാപത്രങ്ങൾ ഇരു രാജ്യങ്ങളും ഒപ്പിടുമെന്ന് കരുതുന്നു. മോദിക്ക് നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിക്കും.
ബ്രസീല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് നമീബിയയിലെ വിൻഡ്‌ഹോക്കിലേക്ക് മോദി യാത്ര തിരിച്ചത്. ബ്രസീലിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ് മോദിക്ക് ലഭിച്ചിരുന്നു.
Read Also: Shubhanshu Shukla: ബഹിരാകാശത്തെ കപ്പേളയിലൂടെ നോക്കുമ്പോൾ…ഭാരതം ഭവ്യമായി തോന്നുന്നു…
ജൂലൈ 3-4 തീയതികളിൽ മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബോഗോ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തോടെ യുപിഐ ഉപയോഗിച്ച് ഇന്ത്യയുടെ ഭീം ആപ്പ് വഴി ഇടപാടുകള്‍ നടപ്പിലാക്കുന്ന ഏഴ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയും ഇടം നേടി.
പിന്നീട് ഘാനയിലെത്തിയ പ്രധാനമന്ത്രി അവിടെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അര്‍ജന്റീനയിലും മോദി പര്യടനം നടത്തിയിരുന്നു. ഈ സന്ദര്‍ശനവേളയില്‍ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശം, മരുന്ന് തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.