AI Video of PM Modi mother: വോട്ടിന് വേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് സ്വപ്നത്തിൽ മോദിയോട് അമ്മ, എഐ വീഡിയോയ്‌ക്കെതിരേ പരാതി
PM Modi's mother AI video row: സാഹിബിന്റെ സ്വപ്നങ്ങളിൽ അമ്മ പ്രത്യക്ഷപ്പെടുന്നു' എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തിറക്കിയത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന്റെ എഐ വീഡിയോക്കെതിരെ ബിജെപി ഡൽഹി പോലീസിൽ പരാതി നൽകി. കോൺഗ്രസ് പുറത്തുവിട്ട വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ബിജെപിയുടെ നീക്കം. ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്തയാണ് ദില്ലിയിലെ നോർത്ത് അവന്യൂ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വീഡിയോയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി.
ബിഹാർ കോൺഗ്രസ് പുറത്തിറക്കിയ വീഡിയോയിൽ, വോട്ട് നേടാൻ തന്നെ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് അമ്മ അപേക്ഷിക്കുന്നതാണ് രംഗം. മോദിയുടെ സ്വപ്നത്തിൽ മരിച്ചുപോയ അമ്മയ്ക്ക് സമാനമായ എഐ കഥാപാത്രം പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ശാസിക്കുന്നതും ഇത് കേട്ട് മോദി ഞെട്ടി ഉണരുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ‘സാഹിബിന്റെ സ്വപ്നങ്ങളിൽ അമ്മ പ്രത്യക്ഷപ്പെടുന്നു’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തിറക്കിയത്.
साहब के सपनों में आईं “माँ”
देखिए रोचक संवाद 👇 pic.twitter.com/aA4mKGa67m
— Bihar Congress (@INCBihar) September 10, 2025
നേരത്തെ, രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.
കോൺഗ്രസിൻ്റെ ഈ നടപടി സ്ത്രീവിരുദ്ധമാണെന്നും രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഈ വീഡിയോ പുറത്തിറക്കിയതെന്നുമാണ് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചത്.