Narendra Modi: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി കാനഡയില്‍
PM Modi in Canada for G7 summit: കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി, ജി7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നേതാക്കള്‍ എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി7 യാത്ര വെട്ടിച്ചുരുക്കിയിരുന്നു

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെത്തി. സൈപ്രസ് സന്ദർശനം പൂർത്തിയാക്കിയതിന് ശേഷമാണ് മോദി കാനഡയിലെത്തിയത്. സൈപ്രസ് പര്യടനത്തിനിടെ പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളിലേക്ക് നാല് ദിവസത്തെ പര്യടനത്തിനാണ് പ്രധാനമന്ത്രി പുറപ്പെട്ടത്. ആൽബെർട്ടയിലെ കനനാസ്കിസിലാണ് ജി7 ഉച്ചകോടി നടക്കുന്നത്. ഇസ്രായേല്‍-ഇറാന്‍, റഷ്യ-യുക്രൈന്‍ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഉച്ചകോടി നടക്കുന്നതെന്നതാണ് ശ്രദ്ധേയം.
യുക്രൈന്‍ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയടക്കം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി വിദേശത്ത് പങ്കെടുക്കുന്ന ആദ്യ പ്രധാന പരിപാടിയാണ് ഇത്.
കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി, ജി7 രാജ്യങ്ങളിലെയും അതിഥി രാജ്യങ്ങളിലെയും നേതാക്കള്‍ എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി7 യാത്ര വെട്ടിച്ചുരുക്കിയിരുന്നു.




ആഗോളതലത്തില്‍ കമ്മ്യൂണിറ്റികളെ സംരക്ഷിക്കുക, ഊർജ്ജ സുരക്ഷ കെട്ടിപ്പടുക്കുക, ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക, ഭാവിയിലെ പങ്കാളിത്തങ്ങൾ സുരക്ഷിതമാക്കുക എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുത്തേക്കും. ഉച്ചകോടിക്ക് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മോദി ക്രൊയേഷ്യയിലേക്ക് പോകും.
ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ല
‘ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല’എന്ന് ജി7 രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ഉടന്‍ കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ നേതാക്കള്‍ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി പരിഹരിക്കുന്നത് മേഖലയെ ശാന്തമാക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായിരിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി.