Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരെ തിരിച്ചറിഞ്ഞു; 76 മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി
Ahmedabad Plane Crash DNA Verification Updates: പരിക്കേറ്റ 51 പേരിൽ 13 പേർ ഇപ്പോഴും ചികിത്സയിലാണെന്ന് ബിജെ മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസർ ഡോ. പട്ടേൽ പറഞ്ഞു. 38 പേരെ ഡിസ്ചാർജ് ചെയ്തു. മൂന്ന് യാത്രികരുടെ ബന്ധുക്കള്‍ വിദേശത്തായതിനാല്‍ അവര്‍ ഡിഎന്‍എ സാമ്പിളുകള്‍ ഇതുവരെ നല്‍കിയിട്ടില്ല

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 119 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതില്‍ 76 പേരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറി. മരണപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. തിരിച്ചറിഞ്ഞ 43 പേരില്‍ 14 പേരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെയോടെ കൈമാറും. സമയം കടന്നുപോകുന്നതിനാല്‍ ആളുകള്‍ ആശങ്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശങ്ക അറിയിച്ചുള്ള കോളുകള്‍ ലഭിക്കുന്നുണ്ടെന്നും രാകേഷ് ജോഷി പറഞ്ഞു.
ജൂൺ 12 ന് ലണ്ടനിലേക്ക് പുറപ്പെടുന്നതിനായി സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തില്‍പെട്ടത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും മരിച്ചു. സമീപത്തെ ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് വിമാനം ഇടിച്ചുകയറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിമാന യാത്രികരല്ലാത്ത 29 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.




പരിക്കേറ്റ 51 പേരിൽ 13 പേർ ഇപ്പോഴും ചികിത്സയിലാണെന്ന് ബിജെ മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസർ ഡോ. പട്ടേൽ പറഞ്ഞു. 38 പേരെ ഡിസ്ചാർജ് ചെയ്തു. 230 യാത്രക്കാരുടെയും കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണർ അലോക് കുമാർ പാണ്ഡെ പി.ടി.ഐയോട് പറഞ്ഞു.
മരിച്ച മൂന്ന് യാത്രികരുടെ ബന്ധുക്കള്‍ വിദേശത്തായതിനാല്‍ അവര്‍ ഡിഎന്‍എ സാമ്പിളുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇവര്‍ ഇന്ന് വൈകുന്നേരം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങൾക്കൊപ്പം, ബന്ധുക്കൾക്ക് പിന്നീട് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ സർട്ടിഫിക്കറ്റുകളും കൈമാറുമെന്ന് അലോക് കുമാർ പാണ്ഡെ വ്യക്തമാക്കി.