PM Narendra Modi: പ്രധാനമന്ത്രിയുടെ വിദേശയാത്ര ഇന്നുമുതൽ; 5 രാജ്യങ്ങൾ സന്ദർശിക്കും, വിമർശനവുമായി കോൺഗ്രസ്
PM Narendra Modi Five-Nation Tour: പ്രധാനമന്ത്രി ആദ്യമെത്തുന്നത് ഘാനയിലാണ്. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. മൂന്ന്, നാല് തീയതികളിലാകും ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനം. 26 വർഷത്തിന് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് സന്ദർശനം കൂടിയാണിത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശയാത്ര ഇന്ന് മുതൽ ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുമായാണ് അദ്ദേഹത്തിൻ്റെ യാത്ര. കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനം നടത്തുന്നത്.
ജൂലൈ ഒൻപതുവരെ യാത്ര നീളും. ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. പ്രധാനമന്ത്രി ആദ്യമെത്തുന്നത് ഘാനയിലാണ്. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. മൂന്ന്, നാല് തീയതികളിലാകും ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനം. 26 വർഷത്തിന് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് സന്ദർശനം കൂടിയാണിത്.
പിന്നീടാണ് അർജന്റീന സന്ദർശിക്കുക. അഞ്ചുമുതൽ എട്ടുവരെയാണ് ബ്രസീൽ സന്ദർശനം. കൂടാതെ റിയോ ഡി ജനൈറോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ അഞ്ച് ദിവസത്തെ മോദിയുടെ വിദേശസന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പതിവുയാത്രയ്ക്ക് പ്രധാനമന്ത്രി അഞ്ചുരാജ്യങ്ങളിൽ പര്യടനത്തിന് പോവുകയാണെന്നും മണിപ്പൂർ അടക്കം രാജ്യത്തെ ഇത്രയധികം സംഭവങ്ങൾ നടക്കുമ്പോൾ അദ്ദേഹം ഒളിച്ചോടുകയാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിച്ചു.