Gaza Peace Summit: ഈജിപ്ത് ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിയെ ക്ഷണിച്ച് ഡോണൾഡ് ട്രംപ്; പങ്കെടുക്കുമോ?
PM Narendra Modi Invite To Gaza Peace Summit: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചക്കോടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഹമാസ് പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. നാളെ ഉച്ചയ്ക്ക് ശേഷം ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലാണ് ഉച്ചകോടി നടക്കുന്നത്.
ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഈജിപ്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലാണ് നാളെ (ഒക്ടോബർ 13 തിങ്കൾ) സമാധാന ചർച്ച നടക്കുന്നത്. അവസാന നിമിഷമാണ് മോദിക്ക് ഉച്ചക്കോടിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഈജിപ്തും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാൽ ഉച്ചക്കോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. നാളെ നടക്കാനിരിക്കുന്ന ഉച്ചക്കോടിയിൽ മോദി പങ്കെടുക്കുകയാണെങ്കിൽ, ഇന്ത്യ-യുഎസ് വ്യാപാര സംഘർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴിച്ചയായിരിക്കും അത്.
Also Read: അഫ്ഗാൻ മന്ത്രിയുടെ താജ്‌മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി
എന്താണ് ഗാസ സമാധാന ഉച്ചകോടി?
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തര ഉച്ചകോടിയാണ് നാളെ നടക്കുന്നത്. ട്രംപും ഈജിപ്ത് പ്രസിഡന്റും അധ്യക്ഷത വഹിക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കുമെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലാണ് ഉച്ചകോടി നടക്കുന്നത്.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനം തിരികെ കൊണ്ടുവരുക, പൊതുജനങ്ങളുടെ സുരക്ഷ എന്നിവയാണ് ഉച്ചക്കോടിയുടെ പ്രധാന ലക്ഷ്യം. ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പെയിനിന്റെ പെഡ്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉച്ചക്കോടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഹമാസ് പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ ഇസ്രായേലിൻ്റെ സൈനിക നടപടികളിൽ ഗാസയിൽ 67,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.