PM Narendra Modi: ടെലികോമിൽ ഇന്ത്യ ആഗോള നിർമ്മാണ കേന്ദ്രമായി മാറുന്നു; ബിഎസ്എൻഎൽ 4G ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
PM Narendra Modi Inaugurates BSNL Swadeshi 4g Network: 92,000-ത്തിലധികം സ്ഥലങ്ങളിലായി 22 ദശലക്ഷം ഇന്ത്യക്കാരെ ബന്ധിപ്പിക്കാൻ സാധിക്കുന്ന ഈ പദ്ധതി, ആശ്രിതത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു
ന്യൂഡൽഹി: ടെലികോമിൽ ഇന്ത്യ ആഗോള നിർമ്മാണ കേന്ദ്രമായി മാറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(PM Narendra Modi). ഒഡീഷയിലെ ജാർസുഗുഡയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ( ബിഎസ്എൻഎൽ ) 4G നെറ്റ്‌വർക്ക് (BSNL SWADESHI 4G NETWORK) ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ബിഎസ്എൻഎല്ലിന്റെ 4G സ്റ്റാക്കും 97,500-ൽ അധികം ടവറുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
92,000-ത്തിലധികം സ്ഥലങ്ങളിലായി 22 ദശലക്ഷം ഇന്ത്യക്കാരെ ബന്ധിപ്പിക്കാൻ സാധിക്കുന്ന ഈ പദ്ധതി, ആശ്രിതത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇത് രാജ്യത്തെ യുവാക്കളുടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനും സാമ്പത്തിക മേഖലയ്ക്ക് പുത്തൻ ഉണർവേകാനും ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതിയാൽ മനോഹരമായ ഒഡീഷ നിരവധി പതിറ്റാണ്ടുകളുടെ കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ട്. എന്നാൽ ഇനി മുന്നോട്ടുള്ള ദിനങ്ങൾ ഒഡീഷയെ അഭിവൃദ്ധിയിലേക്ക് നയിക്കും. ഈ ദശകം ഒഡീഷയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയ്ക്കായി രണ്ട് സെമി കണ്ടക്ടറി യൂണിറ്റുകൾ കേന്ദ്രസർക്കാർ അടുത്തിടെ അംഗീകരിച്ചു. ഇനി ഒരു സെമി കണ്ടക്ടർ പാർക്കും നിർമ്മിക്കും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം ഏകദേശം 37000 കോടി രൂപ ചെലവഴിച്ചാണ് ഈ ടവറുകൾ സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്. പൂർണ്ണമായും തദ്ദേശീയമായ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സ്വദേശി 4G നെറ്റ്‌വർക്ക് ആണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. രാജ്യത്തുടനീളം 97500 കേന്ദ്രങ്ങളിലാണ് 4g ടവറുകൾ സ്ഥാപിക്കുന്നത്.
ഇതിൽ ആന്ധ്രപ്രദേശിൽ മാത്രം 5985 ടവറുകൾ കമ്മീഷൻ ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും അതിവേഗ ഫോർജി കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രാദേശിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. വിദൂര പ്രദേശങ്ങളിലും അതിർത്തി പ്രദേശങ്ങളിലും മാവോയിസം ബാധിച്ച സ്ഥലങ്ങളിലും കണക്ടിവിറ്റി വർധിപ്പിക്കുക എന്നുള്ളതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്.
കൂടാതെ സോഫ്റ്റ്‌വെയർ അധിഷ്ഠിതമായാണ് പ്രവർത്തനമെന്നും 5g യിലേക്ക് വളരെ വേഗം മാറാൻ സാധിക്കും എന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഫൈവ് ജി സ്‌പെക്ട്രം ലഭിച്ചാൽ ഉടൻ ഫൈവ് ജിയിലേക്ക് അനായാസം അപ്ഗ്രേഡ് ചെയ്യാം. അതിനുവേണ്ടി ഉപകരണങ്ങൾ മാറേണ്ടതില്ലെന്നും. നാലുവർഷത്തിലേറെയായി ബിഎസ്എൻഎൽ 4g സേവനം ഉപയോഗിക്കാവുന്ന സിംകാർഡുകൾ ആണ് നൽകിയിരുന്നത് എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.