PM Modi 75th Birthday: അയോധ്യ രാമക്ഷേത്ര മാതൃക മുതൽ കശ്മീരി പഷ്മിന ഷാൾ വരെ; ജന്മദിനത്തില്‍ പ്രധാനമന്ത്രി മോദിക്ക് സമ്മാന പെരുമഴ
PM Modi 75th Birthday Gift: ഒക്ടോബർ 2 വരെ ലേലം നീണ്ടുനിൽക്കും. ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗാ നദി സംരക്ഷിക്കുന്നതിനുള്ള ‘നമാമി ഗംഗാ’ പദ്ധതിയ്ക്കാണ് നൽകുക.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ ലഭിച്ചത് 1300ലേറെ സമ്മാനങ്ങള്‍. ആയോധ്യ രാമക്ഷേത്ര മാതൃക മുതൽ കശ്മീരി പഷ്മിന ഷാൾ വരെയുള്ള സമ്മാനങ്ങളാണ് മോദിക്ക് ലഭിച്ചത്. വിവിധ സമയങ്ങളിൽ ലഭിച്ച സമ്മാനങ്ങൾ ഇന്ന് ആരംഭിക്കുന്ന ലേലത്തിൽ വച്ച് വിൽക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 2 വരെ ലേലം നീണ്ടുനിൽക്കും. ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗാ നദി സംരക്ഷിക്കുന്നതിനുള്ള ‘നമാമി ഗംഗാ’ പദ്ധതിയ്ക്കാണ് നൽകുക. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ സമ്മാനങ്ങൾ നിലവിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ആണ് സമ്മാനങ്ങളുടെ ലേലം ഉദ്ഘാടനം ചെയ്തത്.
Also Read:കോൺഗ്രസിനു തിരിച്ചടി, മോദിയുടെ അമ്മയുടെ എഐ വീഡിയോ നീക്കം ചെയ്യണം
സമ്മാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് 1.03 കോടി രൂപ അടിസ്ഥാന വിലയുള്ള ഭവാനി ദേവിയുടെ പ്രതിമയാണ്. ഇതിനു പുറമെ . 5.5 ലക്ഷം രൂപ വിലമതിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയും ജമ്മു കശ്മീരിൽ നിന്നുള്ള ഒരു പഷ്മിന ഷാൾ, രാമ ദർബാറിന്റെ തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള ഒരു രോഗൻ ആർട്ട്‌വർക്ക്, ലോഹ നടരാജ പ്രതിമ, പരമ്പരാഗത നാഗ ഷാൾ എന്നിവയും സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ആദ്യമായി 2019-ലാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തത്. കഴിഞ്ഞ ആറ് വർഷത്തിനിടെ സമ്മാനങ്ങൾ ലേലം ചെയ്ത് 50 കോടിയിലധികം രൂപ സമാഹരിച്ചതായാണ് റിപ്പോർട്ട്.