Medical Negligence: കുത്തിവച്ച രക്തം മാറിപ്പോയി; ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ചു
Transfusion Of Wrong Blood Group: ചികിത്സയിലിരിക്കെ ഗർഭിണി മരിച്ചത് കുത്തിവച്ച രക്തം മാറിപ്പോയതിനാലെന്ന് ആരോപണം. കുടുംബമാണ് ആശുപത്രിയ്ക്കെതിരെ ആരോപണമുയർത്തിയത്.
കുത്തിവച്ച രക്തം മാറിപ്പോയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ചു എന്ന് ആരോപണം. രാജസ്ഥാനിലെ ജയ്പൂരിലുള്ള ആശുപത്രിയിലാണ് സംഭവം. എന്നാൽ, ചികിത്സക്കെത്തിക്കുമ്പോൾ തന്നെ യുവതിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ടോങ്ക് സ്വദേശിനിയായ, 23 വയസുകാരിയായ യുവതിയെ മെയ് 12നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അപകടകരമാം വിധം താഴ്ന്ന ഹീമോഗ്ലോബീൻ ലെവലും ക്ഷയവും ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ യുവതിയ്ക്കുണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സയ്ക്കിടെ മെയ് 21ന് യുവതി മരണപ്പെട്ടു. മെയ് 19നാണ് രക്തം കുത്തിവെക്കാനുള്ള അഭ്യർത്ഥന ആശുപത്രിയുടെ ബ്ലഡ് ബാങ്കിന് നൽകിയത്. ഗ്രൂപ്പ് ടെസ്റ്റ് ചെയ്തപ്പോൾ എ+ ആയിരുന്നു. തുടർന്ന് ഈ ഗ്രൂപ്പിലുള്ള രക്തം യുവതിയ്ക്ക് കുത്തിവച്ചു. പിന്നീട്, മറ്റൊരു അവസരത്തിൽ നടത്തിയ രക്തപരിശോധനയിൽ ഗ്രൂപ്പ് ബി+ ആണെന്ന് കണ്ടെത്തി. ഇതോടെയാണ് കുത്തിവച്ച രക്തം മാറിപ്പോയെന്ന സംശയമുയർന്നത്.
“ഞാൻ അന്ന് അവധിയിലായിരുന്നു. അന്വേഷിച്ചപ്പോൾ രക്തം കുത്തിവെക്കുന്ന സമയത്ത്, രോഗിയ്ക്ക് റിയാക്ഷനുണ്ടായെന്ന് അറിയാൻ കഴിഞ്ഞു. പലവിധ ആരോഗ്യപ്രശ്നങ്ങളടക്കം അവർ ഗുരുതരമായ രോഗാവസ്ഥയിലായിരുന്നു.”- യുവതിയെ ചികിത്സിച്ച ഡോക്ടർ സ്വാതി ശ്രീവാസ്തവ പറഞ്ഞു. പനി, കുളിര് തുടങ്ങിയ ലക്ഷണങ്ങളാണ് രക്തം കുത്തിവച്ചതിന് പിന്നാലെ കണ്ടത്. രക്തം മാറി കുത്തിവച്ചതിനെപ്പറ്റി കുടുംബത്തിന് അറിവുണ്ടായിരുന്നില്ലെന്ന് സഹോദരൻ പ്രേം പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആശുപത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.