Bajinder Singh: ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ; ‘പ്രവാചകൻ ബജീന്ദർ സിങ്ങി’ നെതിരെ പരാതിയുമായി യുവതി
Case Against Prophet Bajinder Singh: പള്ളിയിലെ പാസ്റ്ററായിരുന്ന ബജീന്ദർ സിംങ് ഞായറാഴ്ചകളിൽ യുവതിയെ പള്ളിയിൽ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകുമ്പോൾ പിന്തുടരുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.
ന്യൂഡൽഹി: ‘പ്രവാചകൻ ബജീന്ദർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരെ പരാതിയുമായി യുവതി. ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ പരാതികൾ ഉന്നയിച്ചാണ് യുവതിയും കുടുംബവും രംഗത്തെത്തിയിരിക്കുന്നത്. ബജീന്ദർ സിംങ് തനിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും ഇക്കാര്യം പുറത്തറിയിച്ചപ്പോൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ഗ്ലോറി ആൻഡ് വിസ്ഡം ചർച്ചിലെ പാസ്റ്ററാണ് ബജീന്ദർ സിംങ് .
2017 ൽ ഇയാളുടെ നേതൃത്വത്തിലുള്ള പള്ളിയിൽ ചേർന്നതായും 2023 ൽ മുതൽ അവിടെ നിന്ന് വിട്ടുനിന്നതായും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആ പള്ളിയിലെ പാസ്റ്ററായിരുന്ന ബജീന്ദർ സിംങ് ഞായറാഴ്ചകളിൽ യുവതിയെ പള്ളിയിൽ അനാവശ്യമായി ഇരുത്തുകയും ആലിംഗനം ചെയ്യുകയും ശരീരത്തിൽ മോശമായി സ്പർശിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകുമ്പോൾ പിന്തുടരുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു.
കോളേജിൽ പോകുമ്പോൾ പിന്നാലെ കാറുകൾ അയയ്ക്കുകയും മാതാപിതാക്കളുടെ ജീവന് ഭീഷണി ഉയർത്തുകയും ചെയ്തതായി യുവതി പറയുന്നു. പാസ്റ്റർക്ക് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി യുവതി വെളിപ്പെടുത്തി. ഇടയ്ക്കിടെ സിംകാർഡുകൾ മാറ്റിക്കൊണ്ടിരുന്നതായും സ്ത്രീ പറഞ്ഞു. കൂടാതെ ബജീന്ദറിന് മയക്കുമരുന്നായ ഓപിയം കച്ചവടമുണ്ടായിരുന്നതായും ഡൽഹിയിലെ ബ്രദേഴ്‌സ് ഹൗസിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നതായും യുവതി ആരോപിക്കുന്നു.
ബജീന്ദറിന്റെയും കൂട്ടാളികളുടെയും പ്രവർത്തിയെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ കൊല്ലുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിരുന്നതായും പരാതിക്കാരി പറഞ്ഞു. ബജീന്ദർ അയച്ച വീഡിയോ സന്ദേശങ്ങളും വീട്ടിൽ വന്നതിൻ്റെ ദൃശ്യങ്ങളും പോലീസിന് കൈമാറിയതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ യുവതിയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ബജീന്ദർ സിങ് രംഗത്തെത്തിയിട്ടുണ്ട്. താൻ എവിടേക്കും ഓടിപ്പോകില്ലെന്നും രണ്ട് മക്കളുടെ പിതാവായ താൻ ഇത്തരം തെറ്റായ പ്രവർത്തികൾ ഒരിക്കലും ചെയ്യില്ലെന്നുമാണ് ബജീന്ദർ ആരോപണത്തോട് പ്രതികരിച്ചത്.