Waqf Act Protest: വഖഫ് വിഷയത്തില്‍ സംഘര്‍ഷം; ബംഗാളില്‍ ട്രെയിനിന് നേരെ കല്ലേറ്, മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ
Waqf Act Protest in West Bengal: പ്രതിഷേധക്കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് ഉള്‍പ്പെടെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് അകത്ത് കടന്ന് നിരവധി സാധനങ്ങള്‍ അടിച്ച് തകര്‍ത്തതായും വലിയ നാശനഷ്ടം ഉണ്ടായതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ച് വിട്ടിട്ടുണ്ട്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. മുര്‍ഷിദാബാദിലും ഡയമണ്ട് ഹാര്‍ബറിലുമാണ് സംഘര്‍ഷം രൂക്ഷമായത്. വിഷയത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനോട് കര്‍ശന നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് നിര്‍ദേശം നല്‍കി.
പ്രതിഷേധക്കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് ഉള്‍പ്പെടെ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന് അകത്ത് കടന്ന് നിരവധി സാധനങ്ങള്‍ അടിച്ച് തകര്‍ത്തതായും വലിയ നാശനഷ്ടം ഉണ്ടായതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. അഞ്ചെണ്ണം വഴിതിരിച്ച് വിട്ടിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച (ഏപ്രില്‍ 11) ഉച്ചയോടെയാണ് മുര്‍ഷിദാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തിനിടെ ജയില്‍ പുള്ളികളുമായി പോകുന്ന പോലീസിന് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. അംതല, സുതി, ധൂലിയാന്‍, മുര്‍ഷദാബാദ്, നോര്‍ത്ത് 24 പര്‍ഗാനാസ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ അക്രമമുണ്ടായി.




പ്രദേശത്ത് ബിഎസ്എഫിനെ വിന്യസിച്ചിരിക്കുകയാണ്. ഇനിയും സംഘര്‍ഷം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്ത് മുര്‍ഷിദാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെ സംഘര്‍ഷ മേഖലയില്‍ വിന്യസിപ്പിച്ചു.
അതേസമയം, വഖഫ് നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും മാര്‍ച്ചും ഉപരോധങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.